കനോലിപ്പുഴയിലെ അനധികൃത കൈയേറ്റങ്ങൾ പൊളിച്ചുമാറ്റി

നടപടി ജലസേചന വകുപ്പ്ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ

കണ്ടശ്ശാംകടവ് : കണ്ടശ്ശാംകടവ് കനോലിപ്പുഴയിലെ അനധികൃത കൈയേറ്റങ്ങൾ ഇറിഗേഷൻ വകുപ്പ് ഉദ്യാഗസ്ഥർ പൊളിച്ചുമാറ്റി. മണലൂർ പഞ്ചായത്തിലെ പഴയ ഓട്ടുകമ്പനിക്കു വടക്കാണ് പുഴ കൈയേറിയത്. സ്വകാര്യവ്യക്തി കൈവശം സൂക്ഷിച്ചിരുന്ന പത്തു സെന്റിലധികം വരുന്ന ഭൂമിയാണ് ഇറിഗേഷൻ തൃശ്ശൂർ സബ് ഡിവിഷൻ ഓപ്പറേഷൻ വഴി തിരിച്ചുപിടിച്ചത്.

പരിസ്ഥിതിലോലമേഖലയിൽ പെടുന്ന (സി.ആർ.സെഡ്.) മേഖലയിലെ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് സ്വകാര്യവ്യക്തി അനധികൃതമായി പുഴ കൈയേറി സ്ഥലം കെട്ടി ഉയർത്തിയത്. പുഴ കൈയേറിയതോടെ സി.പി.ഐ. കൊടികുത്തി തടഞ്ഞിരുന്നു. തുടർന്ന് ബന്ധപ്പെട്ടവർക്ക് പരാതിയും നൽകിയിരുന്നു. ഇതോടെയാണ് ഇറിഗേഷൻവകുപ്പ് ഉദ്യോഗസ്ഥർ എത്തി കൈയേറിയ സ്ഥലം പൊളിച്ചുമാറ്റി പൂർവസ്ഥിതിയിലാക്കിയത്.

നിരവധി സർക്കാർ വക പുറമ്പോക്കുഭൂമിയാണ് തീരദേശത്തുള്ളവർ മതിൽക്കെട്ടി കൈയടക്കിവരുന്നത്. രാഷ്ട്രീയപാർട്ടികൾ ഇവിടെ സമരം ചെയ്തത് മൂലമാണ് ഇങ്ങനെയൊരു നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. കൈയേറ്റം തടയുന്ന ഇത്തരത്തിലുള്ള നടപടികൾ ഇനിയും ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.