കാറിനുനേരേ കല്ലേറും യാത്രക്കാർക്ക് ഭീഷണിയും; പ്രതി അറസ്റ്റിൽ

ആളൂർ : പോട്ട-കല്ലേറ്റുംകര റോഡിൽ കുടുംബം സഞ്ചരിച്ച കാറിനുനേരേ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. നെല്ലായി ആലത്തൂർ സ്വദേശി മടത്തിക്കാട്ടിൽ വീട്ടിൽ മിഥുനി(36)നെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഒാഗസ്റ്റ് 16-ന് രാത്രി ഒൻപതരയോടെ പോട്ട-കല്ലേറ്റുംകര റോഡിലൂടെ കൊടകര പേരാമ്പ്ര കീരിയാത്ത് വീട്ടിൽ ജിജു (52) കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ ആളൂർ എച്ച്.പി. പെട്രോൾ പമ്പിനുസമീപം സ്‌കൂട്ടറിലെത്തിയ പ്രതികൾ കാറിനുനേരേ കല്ലെറിഞ്ഞു. ആക്രമണത്തിൽ കാറിന്റെ മുൻവശത്തെ ചില്ലു തകർന്നു.
ചില്ലുചീളുകൾ തെറിച്ച് ജിജുവിനും മക്കളായ ജോവിയൽ, ജൂലിയ എന്നിവർക്കും പരിക്കേൽക്കുകയും ചെയ്തു. കാറിന് ഏകദേശം 30,000 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തുടർന്ന് കാറിനടുത്തേക്ക് എത്തിയ പ്രതികൾ ജിജുവിനെയും കുടുംബത്തെയും വധിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. ചാലക്കുടി, പുതുക്കാട്, ആളൂർ, മതിലകം പോലീസ് സ്‌റ്റേഷൻ പരിധികളിലായി നാലുമോഷണം, ലൈസൻസും ഇൻഷുറൻസുമില്ലാതെ ഓടിച്ച വാഹനാപകടത്തിൽ ഒരാൾ മരിച്ച കേസ്, ലഹരിയുപയോഗിച്ച് പൊതുജനങ്ങളെ ശല്യം ചെയ്തത് അടക്കം ഏഴു ക്രിമിനൽക്കേസുകളിലെ പ്രതിയാണ് മിഥുൻ.
ആളൂർ പോലീസ് സ്‌റ്റേഷൻ എസ്.ഐ. ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.