ടാറിട്ടോളൂ, ഒന്ന് അറിയിച്ചിട്ടായിക്കൂടേ ?

മുന്നറിയിപ്പില്ലാതെ ചാലക്കുടി പാലത്തിനുസമീപം റീടാറിങ് ആരംഭിച്ചതോടെ ദേശീയപാതയിൽഗതാഗതക്കുരുക്ക്
ചാലക്കുടി : ദേശീയപാത 544-ൽ ചാലക്കുടിപ്പുഴയ്ക്കു കുറുകേയുള്ള പാലത്തിനുസമീപം തൃശ്ശൂർ-എറണാകുളം ദിശയിൽ മുന്നറിയിപ്പില്ലാതെ ഞായറാഴ്ച രാത്രി റീടാറിങ് നടന്നു. ടാറിടൽ മുരിങ്ങൂർ ഭാഗത്തേക്കും നീണ്ടതോടെ മണിക്കൂറുകളോളം ഗതാഗതതടസ്സമുണ്ടായി.
രാത്രി 10.30-ന് ആരംഭിച്ച ടാറിടൽ പുലർച്ചെ അവസാനിച്ചെങ്കിലും ഗതാഗതതടസ്സം തിങ്കളാഴ്ച രാവിലെ 7.30 വരെ തുടർന്നു. പാലത്തിലൂടെ ഒരുവരി ഗതാഗതം ഏർപ്പെടുത്തിയായിരുന്നു ടാറിടൽ. ടാറിടൽ സംബന്ധിച്ച് നേരത്തേ പോലീസിന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഞായറാഴ്ച രാത്രി നടക്കുമെന്ന് അറിയിപ്പുണ്ടായിരുന്നില്ല. മുൻകൂട്ടി ആസൂത്രണം ചെയ്യാതെയും അറിയിപ്പില്ലാതെയും നടന്ന പ്രവൃത്തികളായതിനാൽ ദേശീയപാതയിലൂടെയെത്തിയ വാഹനങ്ങൾ ചാലക്കുടിപ്പാലത്തിനു സമീപമെത്തിയപ്പോൾ കുടുങ്ങി.
വാഹനങ്ങളുടെ നിര തൃശ്ശൂർ ഭാഗത്തേക്ക് കിലോമീറ്ററുകളോളം നീണ്ടു. തിങ്കളാഴ്ച ടാറിടൽ തുടരുമെന്നറിയിപ്പുണ്ടെന്ന് പോലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ മുന്നൊരുക്കങ്ങൾ നടത്താതെ ടാറിടരുതെന്ന് കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡിവൈ.എസ്.പി. ജെ. കുര്യാക്കോസ് പറഞ്ഞു.