പുന്നക്കബസാർ – കാതിക്കോട് – നെടുംപറമ്പ് റോഡ്; എങ്ങും കുഴികൾ,ദുരിതയാത്ര

മതിലകം : റോഡ് കാണാനാകാത്തവിധം കുഴികളാണ് എങ്ങും. ഇതും കടന്നുവേണം യാത്ര. ദേശീയപാത 66 മതിലകം പുന്നക്ക ബസാറിൽ പടിഞ്ഞാറോട്ട് പോകുന്ന റോഡാണ് തകർന്ന് കുഴിയും കുണ്ടുമായി കിടക്കുന്നത്.
കുഴികളിൽവീണ് ഇരുചക്രവാഹന യാത്രക്കാരും സൈക്കിളിൽ സ്കൂളിലേക്ക് പോകുന്ന കുട്ടികളും അപകടത്തിൽപ്പെടുന്നത് പതിവാണ്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുള്ള പുന്നക്കബസാർ – കാതിക്കോട് – നെടുംപറമ്പ് റോഡാണ് അഞ്ച് വർഷക്കാലമായി ടാറിടാതെ കിടക്കുന്നത്.
വലിയ കുഴികളിൽവീണ് കുട്ടികളക്കം ഒട്ടേറെപ്പേരാണ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനും കുഴിയിൽ വീണു.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡ് ആയതിനാലാണ് മതിലകം പഞ്ചായത്ത് ഏറ്റെടുക്കാത്തതെന്ന് നാട്ടുകാർ പറഞ്ഞു. അഞ്ചുവർഷം മുൻപ് ടാറിടൽ തുടങ്ങിയെങ്കിലും കരാറുകാരനും ജില്ലാ പഞ്ചായത്തും തമ്മിൽ പ്രശ്നങ്ങൾ കാരണം റോഡ് പുനർനിർമാണം പൂർണമായി നടന്നില്ല.
കരാറുകാരന്റെ ലൈസൻസ് റദ്ദാക്കപ്പെട്ടതോടെ പുതിയ കരാറുകാർക്ക് ജോലി കൈമാറിയുമില്ല. പലതവണ നാട്ടുകാർ സംഘടിച്ച് കുഴികളും മറ്റും കോൺക്രീറ്റിട്ട് അടയ്ക്കാറുണ്ടെങ്കിലും വീണ്ടും റോഡ് പൊളിഞ്ഞ് കുഴികളാകും.