കുരുന്നുചിരികൾ നിറഞ്ഞു; വർണവസന്തമായി നഗരം

തൃശ്ശൂർ : കുസൃതികളും കുരുന്നുചിരികളും വർണസ്വപ്നങ്ങളുമായി നഗരം ശിശുദിനാഘോഷത്തിമർപ്പിലായി. വർണബലൂണുകളും കൊടികളും പ്ലക്കാർഡുകളുമായി കുരുന്നുകൾ അണിനിരന്നപ്പോൾ നഗരവീഥികൾ ഉത്സവപ്രതീതിയിലായി. ബാല്യത്തിന്റെ സന്തോഷവും സൗഹൃദവും ഒരുമയും വിളിച്ചോതിയ റാലിയിൽ നിരവധി കുട്ടികളും അധ്യാപകരും പങ്കെടുത്തു.

ജില്ലാ ഭരണകൂടം, ജില്ലാ ശിശുക്ഷേമസമിതി, പൊതുവിദ്യാഭ്യാസവകുപ്പ്, കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവ ചേർന്നാണ് ശിശുദിനം 'വർണോത്സവം 2026' ആഘോഷിച്ചത്.

കുട്ടികളുടെ പ്രധാനമന്ത്രി ലെവിൻ ലിയാന്റോ നയിച്ച ശിശുദിനറാലി തൃശ്ശൂർ സി.എം.എസ്. ഹയർസെക്കൻഡറി സ്കൂളിൽ മേയർ ഡോ. നിജി ജസ്റ്റിൻ ഫ്ലാഗ്ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ടൗൺഹാളിൽ റാലിയെ സ്വീകരിച്ച് ശിശുദിനസന്ദേശം നൽകി.

പതാകയുയർത്തലിനുശേഷം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോർപറേഷൻ നടത്തുന്ന സിഗ്നേച്ചർ കാംപെയിൻ ഉദ്ഘാടനംചെയ്തു.

ശിശുദിനാഘോഷങ്ങളുടെ ഉദ്ഘാടനം കുട്ടികളുടെ ചാച്ചാജി നിർവഹിച്ചു. കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുത്ത പി.ജെ. ജിസ്മിയ അധ്യക്ഷയായി. സ്പീക്കറായി തിരഞ്ഞെടുത്ത ഇവാനിയ കെ. ബിനോയ് മുഖ്യപ്രഭാഷണം നടത്തി. രാജൻ ജെ. പല്ലൻ എം.എൽ.എ. ശിശുദിന സ്റ്റാമ്പ് പ്രകാശനംചെയ്തു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എം. സന്ദീപ്, വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എസ്. ബിജു, ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി പി.കെ. വിജയൻ, വൈസ്‌പ്രസിഡന്റ് പി. ഭാനുമതി, മോഡൽ ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക കെ.പി. ബിന്ദു, ടി.ആർ. ആരാധ്യ, എ.എസ്. സാൻഡ്രിയ തുടങ്ങിയവർ പ്രസംഗിച്ചു. ടി.എം. അവനിജ മാലിന്യമുക്തപ്രതിജ്ഞയും വേദികാ കൃഷ്ണ ലഹരിവിമുക്ത പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി.