തീവ്രതയേറിയ ലൈറ്റുമായി ഫൈബർ വള്ളങ്ങൾ കടലിൽ

കൊടുങ്ങല്ലൂർ : തീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ച് മീൻപിടിത്തം നടത്തുന്ന ബോട്ടുകൾക്കു പിന്നാലെ വള്ളങ്ങളും സമാനരീതിയിൽ കടലിൽ വിലസുന്നു. രജിസ്‌ടേഷനും പെർമിറ്റും കളർകോഡും ജീവൻരക്ഷാ ഉപകരണങ്ങളും ഇല്ലാത്ത വള്ളം നിറയെ 5500 വാട്ട്‌സ് പ്രകാശം പരത്തുന്ന ലൈറ്റുകളും ജനറേറ്ററുകളുമായി ആഴക്കടലിൽ മീൻപിടിത്തം നടത്തിയ ഫൈബർ വള്ളം ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ്-തീരദേശ പോലീസ് സംയുക്തസംഘം പിടികൂടി.

രണ്ട് ജനറേറ്റർ, 68 ട്യൂബ് ലൈറ്റ്, 18 എൽ.ഇ.ഡി. ലൈറ്റ്, ഹൈമാസ്റ്റ് ലൈറ്റുകൾ തുടങ്ങി അനധികൃത മീൻപിടിത്തത്തിനുള്ള സാമഗ്രികളുമായി തമിഴ്നാട് കന്യാകുമാരി കൽകുളം സ്വദേശി സജു ലോറൻസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സെയ്ന്റ് അൽഫോൺസ വള്ളമാണ് പിടിയിലായത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരോധിച്ച കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്ന മത്സ്യബന്ധന രീതിയിലാണ് ഇതരസംസ്ഥാന തൊഴിലാളികൾ മീൻപിടിത്തം നടത്തിയത്. ഇത്തരം മത്സ്യബന്ധന രീതികൾ അവലംബിക്കുന്നതിനെതിരേ പരമ്പരാഗത യാനങ്ങളിലെ തൊഴിലാളികളും ലൈറ്റ് ഫിഷിങ് നടത്തുന്നവരും തമ്മിൽ കടലിൽ സംഘർഷാവസ്ഥയ്ക്ക് സാധ്യതയുള്ളതായി അന്വേഷണസംഘത്തിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജേയ്‌നി ജേക്കബിന്റെയും അഴീക്കോട് തീരദേശ സ്റ്റേഷൻഹൗസ് ഓഫീസർ കെ.വി. അനന്തബാബുവിന്റെയും നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം തീരക്കടലിൽ നടത്തിയ പരിശോധനയിലാണ് വള്ളം പിടികൂടിയത്.

അഴീക്കോട് തീരദേശ പോലീസ് സബ് ഇൻസ്‌പെക്ടർ പി.ആർ. തോമസ്, എ.എസ്.ഐ. മുഹമ്മദ് ഷെഫീക്ക്, സീനിയർ സിവിൽ പോലീസ് ഓഫീസർ സി.പി.ഒ. വിപിൻ, മറൈൻ എൻഫോഴ്സ്‌മെന്റ് ആൻഡ് വിജി ലൻസ്‌വിങ് ഓഫീസർമാരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, എ.എഫ്. ഇ.ഒ ലീന ഡെന്നീസ, എഫ്.ഒ. അൻസിൽ, മെക്കാനിക്ക് മനോജ് കോസ്റ്റൽ വാർഡൻ പ്രബിൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ 30-ന് തീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ച് മീൻപിടിത്തം നടത്തിയ രണ്ട് ബോട്ടുകൾ അഴീക്കോട് കടലിൽനിന്നും പിടികൂടിയിരുന്നു. 9.34 ലക്ഷം രൂപയാണ് പിഴയിട്ടിരുന്നത്.