കടവല്ലൂർ അന്യോന്യം ദേശീയ സെമിനാർ തുടങ്ങി

കടവല്ലൂർ : കടവല്ലൂർ അന്യോന്യത്തിന്റെ ഭാഗമായുള്ള ദേശീയ സെമിനാറിന് കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തുടക്കമായി. സെമിനാർ യു.എസ്.എ.യിലെ സാൻഫ്രാൻസിസ്‌കോ വേദാന്ത സൊസൈറ്റി ഓഫ് നോർത്തേൺ കാലിഫോർണിയ കേന്ദ്രം മേധാവി സ്വാമി തത്ത്വമയാനന്ദ ഉദ്ഘാടനംചെയ്തു. സി.എം. നീലകണ്ഠൻ അധ്യക്ഷനായി.

‘വേദഗ്രന്ഥങ്ങളും ഭാരതീയജ്ഞാനപാരമ്പര്യവും ജ്യോതിശാസ്ത്രവും ആയുർവേദവും’ എന്നതാണ് ഈ വർഷത്തെ സെമിനാറിന്റെ വിഷയം. സെമിനാർ കോഡിനേറ്റർ കെ.എ. രവീന്ദ്രൻ വിഷയാവതരണം നടത്തി. മൂന്നു ദിവസങ്ങളിലായാണ് സെമിനാർ. സെമിനാറിന്റെ ആദ്യദിനം വിവിധ വിഷയങ്ങളിൽ അരവിന്ദപ്പണിക്കർ, എ.ജെ. പരമേശ്വരൻ, എസ്‌. അഴഗിരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അരവിന്ദപ്പണിക്കർ മോഡറേറ്ററായി. സ്വാമി ജപസിദ്ധാനന്ദ, കെ.എൻ. രാമനുണ്ണി, ബിജു തുടങ്ങിയവർ പ്രസംഗിച്ചു. ഞായറാഴ്ച രണ്ട് സെഷനുകളിലായി ഏഴ് പ്രബന്ധങ്ങൾ അവതരിപ്പിക്കും.