കോട്ടയ്ക്കപ്പാടത്ത് പുതിയ രീതിയിൽ വിതയ്ക്കൽ

പുത്തൻചിറ : മങ്കിടി കോട്ടയ്ക്കപ്പാടത്ത് ആധുനികരീതിയിലുള്ള വിത്തുവിതയ്ക്കൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. പരമ്പരാഗത രീതിയിലുള്ള വിത്തുവിതയ്ക്കലിനു പകരം യന്ത്രസഹായത്തോടെ കൂടുതൽ വേഗത്തിലും കൃത്യതയിലും വിത്തു പാകുന്നതിനുള്ള രീതിയാണ് പരീക്ഷിച്ചത്.
വിത്ത് ആദ്യം 12 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ചെറിയ മുള പൊട്ടുന്ന ഘട്ടത്തിലെത്തിക്കും. തുടർന്ന് 48 മണിക്കൂറിനുള്ളിൽ വിത്തുവിതയ്ക്കുന്ന യന്ത്രത്തിൽ നിറയ്ക്കും. യന്ത്രം ഒരാൾ വലിച്ചുകൊണ്ട് പാടത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് നീക്കുമ്പോൾ മറ്റൊരാൾ എതിർവശത്തുനിന്ന് വലിച്ച് യന്ത്രം തിരിച്ചെത്തിക്കും.
യന്ത്രത്തിലെ നാല് അറകളിൽ നിറച്ചിരിക്കുന്ന വിത്തുകൾ പ്രത്യേക സംവിധാനത്തിലൂടെ താഴേക്കെത്തി നിശ്ചിത അകലത്തിൽ പാടത്ത് വീഴുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരേ അകലത്തിലും അളവിലും വിത്തു പാകാൻ കഴിയുന്നതാണ് രീതിയുടെ പ്രത്യേകത. വിത്തുകൾ മുളച്ച് ഞാറായി വളരുമ്പോൾ ആവശ്യമായ വളപ്രയോഗം നടത്തി കൂടുതൽ ശക്തമായ വളർച്ച ഉറപ്പാക്കാനും കഴിയും. കോട്ടയ്ക്കപ്പാടത്ത് നടന്ന പരീക്ഷണ വിത്തുവിതയ്ക്കലിൽ പുത്തൻചിറ കൃഷി ഓഫീസർ എം.എം. സാന്ദ്ര, അസിസ്റ്റന്റ് കൃഷി ഓഫീസർ ടി.വി. ബിജു, കൃഷി അസിസ്റ്റന്റ് എം.എസ്. ചിക്കു, ടി. സ്മിത, വില്വമംഗലം പാടശേഖര സമിതി സെക്രട്ടറി പി.സി. ബാബു, കോട്ടയ്ക്കപ്പാടം പാടശേഖരസമിതി സെക്രട്ടറി അനിൽ ചെറുവട്ടായി, തയ്യിൽ വിജയൻ എന്നിവർ പങ്കെടുത്തു.