നിർത്തിവെച്ച ഠാണ-ചന്തക്കുന്ന് റോഡിലെ ഡിവൈഡർ നിർമാണം വൈകുന്നു

ഇരിങ്ങാലക്കുട : നിർത്തിവെച്ച ഠാണ-ചന്തക്കുന്ന് റോഡിലെ ഡിവൈഡറുകളുടെ നിർമാണം പുനരാരംഭിക്കാൻ ഇതുവരെ അനുമതിയായില്ല. അനുമതി ലഭിച്ചാൽ തൊട്ടടുത്ത ദിവസം മുതൽ പണികൾ പുനരാരംഭിക്കുമെന്നും ഇതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും കെ.എസ്.ടി.പി. അധികൃതർ വ്യക്തമാക്കി.
ഠാണ-ചന്തക്കുന്ന് റോഡുവികസനത്തിന്റെ ഭാഗമായി റോഡിന്റെ മധ്യത്തിൽ ഡിവൈഡർനിർമാണം ആരംഭിച്ചതോടെയാണ് വിവാദമുയർന്നത്. ഠാണാവിനെ വെട്ടിമുറിച്ചുകൊണ്ട് ഡിവൈഡർ നിർമിച്ചാൽ അത് ജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടി ആക്ഷൻകൗൺസിൽ രൂപവത്കരിക്കുകയും വ്യാപാരികളുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തുകയും ചെയ്തതോടെയാണ് തോമസ് ഉണ്ണിയാടൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന ആക്ഷൻകൗൺസിൽ ഭാരവാഹികളുടെയും വ്യാപാരികളുടെയും കെ.എസ്.ടി.പി. അധികൃതരുടെയും യോഗത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഇതിനെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഡിവൈഡർനിർമാണം നിർത്തിവെച്ചിരിക്കുകയാണ്.
ഡിവൈഡർനിർമാണം നിർത്തിവെച്ചതിനെതിരേ താലൂക്ക് വികസനസമിതിയോഗത്തിലും കൗൺസിൽയോഗത്തിലും പ്രതിഷേധമുയർന്നു. കോൺഗ്രസും സി.പി.എം., സി.പി.ഐ., ബി.ജെ.പി. പാർട്ടികളും അപകടരഹിതമായയാത്രയ്ക്ക് വിദഗ്ധർ തയ്യാറാക്കിയതുപ്രകാരം ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. മുൻ മന്ത്രി ആർ. ബിന്ദുവും പത്രസമ്മേളനം വിളിച്ച് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഡിവൈഡറുകൾ അത്യാവശ്യമാണെന്നും എത്രയുംവേഗം ഡിവൈഡറുകളുടെ നിർമാണം പൂർത്തിയാക്കണമെന്നുമാവശ്യപ്പെട്ടിരുന്നു.
ഡിവൈഡർനിർമാണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇതുവരെയും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും എം.എൽ.എ. അറിയിച്ചു.പുനർനിർമാണത്തിന് അനുമതിയായില്ലെന്ന് കെ.എസ്.ടി.പി.