ആന തന്നെ ലഹരി... ആനക്കോട്ടയിൽ വേറിട്ട ക്യാമ്പ്

ഗുരുവായൂർ : ആനയെ പ്രമേയമാക്കി ആനക്കോട്ടയിൽ നടത്തിയ 'ആനയാണ് ലഹരി' എന്ന ലഹരിവിരുദ്ധ കാംപെയ്ൻ വേറിട്ടതായി. സാമൂഹികനീതിവകുപ്പിന്റെ 'നശാ മുക്ത് ഭാരത് അഭിയാൻ' പദ്ധതിയുടെ ഭാഗമായായിരുന്നു ക്യാമ്പ്. ആനയും ജീവിതത്തിലെ ഇഷ്ടങ്ങളും താത്പര്യങ്ങളുമാകട്ടെ യഥാർഥലഹരി എന്ന സന്ദേശമാണ് ക്യാമ്പിൽ ഉയർന്നത്. കേരളത്തിൽ ആദ്യമായാണ് ആനയെ പ്രമേയമാക്കിയുള്ള ലഹരിവിരുദ്ധ ബോധവത്കരണം നടത്തുന്നത്. വിവിധ കോളേജുകളിൽനിന്നായി 40-ഓളം വിദ്യാർഥികളാണ് പങ്കെടുത്തത്. ഗുരുവായൂർ
ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹികനീതി ഓഫീസർ കെ.ആർ. പ്രദീപൻ അധ്യക്ഷനായി. ആനചികിത്സകരായ ഡോ. ടി.എസ്. രാജീവ്, ഡോ. അഭിനാ മോഹനൻ, ഡോ. വരുൺ ചന്ദ്, ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, സിനോ സേവി, സി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.