സ്ത്രീകൾക്ക് സ്പീക്ക് അപ്പ് പദ്ധതിയുമായി റൂറൽ പോലീസ്

ഗാർഹിക പീഡനങ്ങൾക്കെതിരേ ശബ്ദമുയർത്താം

ഇരിങ്ങാലക്കുട : ഗാർഹിക പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ആവശ്യമായ സംരക്ഷണവും സഹായവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന സ്പീക്ക് അപ്പ് പദ്ധതിയുടെ തൃശ്ശൂർ റൂറൽ ജില്ലാതല ഉദ്ഘാടനം തോമസ് ഉണ്ണിയാടൻ എം.എൽ.എ. നിർവഹിച്ചു.

ഏകദിന സെമിനാറും നടന്നു. റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം അധ്യക്ഷനായി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. എം.കെ. ഷാജി, ഇരിങ്ങാലക്കുട സബ് ഇൻസ്‌പെക്ടർ ഇ.യു. സൗമ്യ, വനിതാ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.പി. ജിബിഷ എന്നിവർ പ്രസംഗിച്ചു. തൃശ്ശൂർ വനിതാ - ശിശു വികസന ഓഫീസർ പി. മീര, മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയിലെ അഡ്വ. പ്രിയങ്കാ രാജു എന്നിവർ ക്ലാസുകൾ നയിച്ചു.

കുടുംബങ്ങളിലും ഗാർഹിക സാഹചര്യങ്ങളിലും സ്ത്രീകൾ നേരിടുന്ന ശാരീരിക, മാനസിക, വൈകാരിക, ലൈംഗിക, സാമ്പത്തിക അതിക്രമങ്ങൾക്കെതിരേ ശബ്ദമുയർത്താൻ സ്ത്രീകളെ പ്രാപ്തരാക്കുക, ഇത്തരം അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപരമായ മാർഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് ലഭ്യമായ സംരക്ഷണവും സഹായസേവനങ്ങളും പരിചയപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ വിമെൻ സേഫ്റ്റി ഓഫീസർമാർ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, അയൽക്കൂട്ടം, കുടുംബശ്രീ ഭാരവാഹികളും അംഗങ്ങളും പോലീസ് ഉദ്യോഗസ്ഥർ, ക്രൈസ്റ്റ് കോളേജിലെ അധ്യാപകർ, പി.ജി. വിദ്യാർഥികൾ എന്നിവരടക്കം 350-ഓളം പേർ സെമിനാറിലും പരിശീലന പരിപാടിയിലും പങ്കെടുത്തു.