ഡൽഹി സമരത്തിന്‌ ഐക്യദാർഢ്യം; കുന്നംകുളം നഗരസഭയിൽ ബി.ജെ.പി. പ്രതിഷേധം

അജൻഡകൾ ചർച്ച ചെയ്യാനായില്ല

കുന്നംകുളം :മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന ജനകീയസമരത്തിന് ഐകകണ്ഠ്യേന ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന ചെയർപേഴ്‌സന്റെ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച്‌ നഗരസഭാ യോഗത്തിൽ ബി.ജെ.പി. അംഗങ്ങൾ ചേമ്പറിനുമുൻപിൽ പ്രതിഷേധിച്ചു. തുടർന്ന് അജൻഡകൾ ചർച്ചയ്‌ക്കെടുക്കാതെ യോഗം അവസാനിപ്പിച്ചു.

സ്കൂൾ കായികമേളയിൽ സ്വർണമെഡൽ നേടിയ പ്രതിഭകളെ ആദരിച്ചശേഷമാണ് കൗൺസിൽ തുടങ്ങിയത്. യോഗം തുടങ്ങിയതോടെ കോൺഗ്രസ് അംഗമായ ലബീബ് ഹസ്സൻ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരേ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ നടത്തുന്ന സമരത്തെ അനുകൂലിച്ചും അവർക്കെതിരേ ഭരണകൂടം നടത്തുന്ന ഭീകരതെയെക്കുറിച്ചും പ്രസംഗിച്ചു.

ഇതിനെ അനുകൂലിച്ചുകൊണ്ട് സി.പി.എം. വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, ആർഷാ ജിജു, എൻ.എ. ഷനോഫ്, ആർ.എം.പി. അംഗം പി.കെ. ബിനീഷും പ്രസംഗിച്ചു.

എന്നാൽ, ഡൽഹിയിൽ നടക്കുന്നത്‌ അനാവശ്യ സമരമാണെന്നും എസ്.ഐ.ആർ. ശരിയല്ലെങ്കിൽ ആദ്യം രാജിവെക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും ബി.ജെ.പി. അംഗം എ.എസ്. ശ്രീജിത്ത് യോഗത്തിൽ പറഞ്ഞു.

കൗൺസിൽ ഒന്നായി ജനകീയസമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു എന്ന് സൗമ്യ അനിലൻ കൗൺസിലിൽ പറഞ്ഞതോടെയാണ് ബി.ജെ.പി. അംഗങ്ങൾ പ്രതിഷേധവുമായി ചെയർപേഴ്‌സന്റെ ചേമ്പറിലേക്കെത്തി മുദ്രാവാക്യം വിളി തുടങ്ങിയത്.

ഇതോടെ ചെയർപേഴ്സൺ യോഗം പിരിച്ചുവിടുകയായിരുന്നു. 46 അജൻഡകളായിരുന്നു കൗൺസിലിൽ ചർച്ചയ്ക്കു‌ണ്ടായിരുന്നത്.