ചെറുതുരുത്തി തടയണയുടെ ഷട്ടറുകൾ അടച്ചില്ല: ഭാരതപ്പുഴയിലെ ജലനിരപ്പ് താഴ്ന്നു

ചെറുതുരുത്തി : ചെറുതുരുത്തി തടയണയുടെ ഷട്ടറുകൾ പൂർണമായും അടയ്ക്കാത്തതുമൂലം ജലം ഒഴുകിപ്പോകുന്നു. ഇതേത്തുടർന്ന് ഭാരതപ്പുഴയിലെ ജലനിരപ്പ് വലിയ തോതിൽ താഴ്ന്നു തുടങ്ങി.
വെള്ളം ഒഴുകിവരുന്ന ചെറുതുരുത്തിയോട് ചേർന്നുവരുന്ന വശങ്ങളിൽ തടയണയുടെ മുകൾവശത്തെ ഷട്ടറുകൾ പൂർണമായും അടയ്ക്കാത്ത നിലയിലാണ്.
ഇതിലൂടെ വെള്ളം നിരന്തരം ഒഴുകിപ്പോകുകയാണ്. വേനൽക്കാലം എത്തിനിൽക്കുമ്പോഴാണ് വെള്ളം പരമാവധി തടയണയിൽ കെട്ടിനിർത്താതെ ഇത്തരത്തിൽ ഒഴുക്കിവിടുന്നത്. കനത്ത വേനൽ വന്നാൽ ഇതുമൂലം തടയണയിലെ വെള്ളം പൂർണമായും വറ്റിപ്പോകാവുന്ന നിലയിലാണ്. ഇതോടെ രണ്ടു കരകളിലുമുള്ള ചെറുതുരുത്തി പമ്പ് ഹൗസ്, ഷൊർണൂർ പമ്പ് ഹൗസ് തുടങ്ങിയവയ്ക്ക് വെള്ളം കിട്ടാതെ വരും.
ഇതു ആയിരക്കണക്കിനു കുടുംബങ്ങളെ ബാധിക്കും. കുടിവെള്ളക്ഷാമം രൂക്ഷമാകും. നിലവിൽ ഷൊർണൂർ ഭാഗത്തായി തടയണയ്ക്കുള്ളിൽനിന്നും വൻ തോതിൽ മണലെടുപ്പ് നടത്തുന്നുണ്ട്. തടയണയിലെ സംഭരണശേഷി ഉയർത്താനെന്നു പറഞ്ഞാണ് മാസങ്ങളായി മണലെടുപ്പ് നടത്തുന്നത്. ജലനിരപ്പ് ഉയർന്നാൽ മണലെടുപ്പ് തടസ്സപ്പെടാവുന്ന നിലയിലാണ്. മണലെടുപ്പിനെ സഹായിക്കാനാണ് ഇത്തരത്തിൽ പൂർണമായും ഷട്ടറുകൾ അടയ്ക്കാത്തതെന്ന് ആരോപണം ഉയരുന്നുണ്ട്.
വലിയ പമ്പുകൾ ഉപയോഗിച്ച് വെള്ളത്തോടൊപ്പം മണൽ കരയിലേക്കു അടിച്ചുകയറ്റിയും മണ്ണുമാന്തി ഉപയോഗിച്ചുമാണ് മണൽ വൻ തോതിൽ വാരിയെടുക്കുന്നത്.
എന്നാൽ ജലസംഭരണം ഉറപ്പാക്കുന്ന തരത്തിൽ മണലെടുത്തില്ലെങ്കിൽ വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമാകും. വേനൽമഴ വരുന്ന സാഹചര്യത്തിൽ തടയണയുടെ ഷട്ടറുകൾ പൂർണമായും അടച്ച് ജലം പുഴയിൽ സംഭരിക്കണമെന്ന ആവശ്യം ശക്തമാണ്.