നവംബർ നാല്: ഹൃദയം തൊട്ട് അക്ഷരയെ കുറിച്ച് ഭർത്താവിന്റെ കുറിപ്പ്

കൊച്ചി : വായിക്കുന്നവരുടെ ഹൃദയം തൊടുന്ന കുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച് കാക്കനാട്ട് സ്വകാര്യ ബസിടിച്ചു മരിച്ച അക്ഷരയുടെ ഭർത്താവ് വരുൺ സുനിൽ. ഇരുവരും ചേർന്ന് ആദ്യമായെടുത്ത ഫോട്ടോയോടൊപ്പമാണ് ഫെയ്സ്ബുക്കിലെ വികാരഭരിതമായ പോസ്റ്റ്.
‘മാട്രിമോണിയിൽ നിന്റെ പ്രൊഫൈൽ കണ്ട്, നിന്നെക്കുറിച്ച് ഞാനാദ്യം അറിയുന്നത് 2023 നവംബർ നാലിനാണ്. മൂന്നു വർഷങ്ങൾക്കിപ്പുറം, എന്നെ തനിച്ചാക്കി പോകാൻ നീ തിരഞ്ഞെടുത്തതും അതേ ദിവസം തന്നെ... നിനക്കിത് അറിയാമായിരുന്നുവോ, അതോ യാദൃച്ഛികമോ? തീയതികൾ നന്നായി അറിയുന്ന ആളാണ് നീയെന്ന് എനിക്കറിയില്ലായിരുന്നു’ -വരുൺ ഇങ്ങനെ എഴുതി.
അവളുടെ മരണം തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അവളെ തിരികെത്തരണമെന്ന് താൻ അപേക്ഷിച്ചുവെന്നും വരുൺ എഴുതി. ‘‘നീ എന്നോട് ഇത് ചെയ്യേണ്ടതില്ലായിരുന്നു. ഞങ്ങളിൽ ആരോടും ഇത് ചെയ്യേണ്ടതില്ലായിരുന്നു. നിന്നെ ഇഷ്ടപ്പെടുന്ന, തീവ്രമായി സ്നേഹിക്കുന്ന ധാരാളം ആളുകൾ നിന്റെ ചുറ്റിലും ഉണ്ടെന്ന് അറിയാം. നിന്റെ പുഞ്ചിരി, ആവേശം, സംസാരം, പാട്ട്, ഊർജം... എല്ലാം. ഇനിയൊരിക്കലും അവരത് കാണില്ലേ? എനിക്കിനിയത് കാണാൻ കഴിയില്ലേ? ഇല്ല.’’ നീണ്ട സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്ന ആളല്ല താനെന്നും വരുൺ എഴുതി.
“തികച്ചും സുരക്ഷിതമായിരുന്ന്, സമാധാനമുള്ള, ശാന്തമായ ഏതെങ്കിലും ഒരിടത്തിരുന്ന് നീയിതൊക്കെ വായിക്കുന്നുണ്ടാകും എന്നൊരു ചിന്തയിലാണ് ഞാനിതെഴുതുന്നത്... ഇത് വായിച്ചുകഴിഞ്ഞാൽ, സമയം കിട്ടുമ്പോഴെല്ലാം ദയവായി എനിക്ക് ഒരു അടയാളം തരൂ. ദയവായി. എന്റെ സ്വപ്നത്തിൽ ഒരിക്കൽ മാത്രം വരൂ...’’ അദ്ദേഹം എഴുതി.
ഇൻഫോ പാർക്ക് ജീവനക്കാരി തൃശ്ശൂർ തോളൂർ പുളിഞ്ചേരി കായമ്പള്ളി അക്ഷര (29) യെ അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചുതെറിപ്പിച്ചത് ഇൗ മാസം നാലിനായിരുന്നു.