ചാലക്കുടി ട്രാംവേ ഭൂമി കൈയേറ്റം; കിട്ടാനുള്ളത് ഏക്കറുകളോളം

ചാലക്കുടി : കൊച്ചിൻ ഫോറസ്റ്റ് ട്രാംവേയുടെ ഭാഗമായി സ്ഥാപിച്ച തീവണ്ടിപ്പാത നിലനിന്നിരുന്ന സ്ഥലങ്ങളിൽ വർഷങ്ങൾക്കുമുൻപ് സ്വകാര്യവ്യക്തികൾ കൈയേറിയ ഭൂമി ഇനിയും ഒഴിപ്പിച്ചില്ല. നേരത്തേയുള്ള റവന്യൂ വകുപ്പിന്റെ രേഖകൾ പ്രകാരം 100 കണക്കിന് ഏക്കർ ഭൂമി കൈയേറിയിട്ടുണ്ടെന്ന് കണ്ടെത്തിയതാണ്. 2024-ലെ റീസർവേയിലും ഈ കൈയേറ്റം വ്യക്തമായതാണ്. പൊതുമേഖലയിലായിരുന്ന കൊച്ചിൻ ട്രാംവേ 1963-ലാണ് നിർത്തലാക്കിയത്. ട്രാംവേലൈൻ കടന്നുപോയിരുന്ന ചാലക്കുടി നഗരസഭാപ്രദേശം, കോടശ്ശേരി, മറ്റത്തൂർ ഗ്രാമപ്പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ഭൂമിയാണ് കൈയേറ്റംമൂലം നഷ്ടമായത്.

ചെറിയ മാറ്റംവരുത്തി സ്വന്തം ഭൂമിയാക്കി

: ട്രാംവേ റെയിൽപ്പാത കടന്നുപോയ സ്ഥലങ്ങളിൽ നല്ലൊരു ഭാഗം ഭൂമി, റോഡ് നിലനിർത്തുന്നതിനായി പൊതുമരാമത്തുവകുപ്പിന് കൈമാറിയിട്ടുണ്ടെങ്കിലും റോഡിനിരുവശവുമുള്ള സ്ഥലങ്ങളിൽ ഭൂരിഭാഗം പ്രദേശവും പല സ്വകാര്യവ്യക്തികളുടെയും കൈവശമാണ്. റവന്യൂ പുറമ്പോക്ക് എന്ന നിലയിലാണ് വില്ലേജ് രേഖകളിലുള്ളത്. എന്നാൽ ഈ സ്ഥലങ്ങൾ റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലല്ല. ഈ ഭാഗത്ത് നിർമാണങ്ങൾക്കായി അനുമതി നൽകുമ്പോൾ അളന്നു തിട്ടപ്പെടുത്തി ട്രാംവേ പുറമ്പോക്ക് ഒഴിവാക്കി അധികാരികൾ നൽകുന്നുണ്ട്. അവ ഒഴിച്ചിട്ടാണ് കെട്ടിടം പണിയുൾപ്പെടെയുള്ളവ ചില സ്വകാര്യവ്യക്തികൾ നടത്തുന്നത്. പക്ഷെ, പുറമ്പോക്കായി കണ്ടെത്തിയ സ്ഥലം താത്കാലികനിർമിതി നടത്തി പലരും വീണ്ടും കൈവശപ്പെടുത്തി.

നഗരസഭ മുന്നിട്ടിറങ്ങി, പിന്നെ പിന്നോട്ടായി

: വർഷങ്ങൾക്കുമുൻപ് ചാലക്കുടി നഗരസഭാപ്രദേശത്തുള്ള ഇത്തരം കൈയേറ്റഭൂമി തിരിച്ചുപിടിക്കൻ നഗരസഭായോഗ തീരുമാനപ്രകാരം കാര്യമായ ശ്രമം നടത്തിയിരുന്നു. വടക്കേ ബസ് സ്റ്റാൻഡ് മുതൽ ബ്രൈറ്റ് സ്റ്റാർ ക്ലബ്ബു വരെ ഒഴിപ്പിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. വടക്കേ ബസ് സ്റ്റാൻഡ് സ്ഥാപിച്ചപ്പോൾ ട്രാവേ റോഡിന്റെ പ്രധാന്യം വർധിച്ചു. നഗരസഭ നടത്തിയ ശ്രമം ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. എന്നാൽ ഇടയ്ക്കുവെച്ച് മുടങ്ങി. ഇതോടെ കൈയേറ്റഭൂമി വീണ്ടും കൈവശക്കാരുടെ കൈയിൽ തന്നെയായി. ചിലർ മാത്രമേ പുറമ്പോക്ക് ഭൂമി ഒഴിച്ചിട്ട് നിർമാണപ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളൂ. ഇതുമൂലം പല സ്ഥലങ്ങളിലും റോഡിന്റെ വീതി കുറഞ്ഞും കൂടിയുമാണിരിക്കുന്നത്. കോടശ്ശേരി, മറ്റത്തൂർ ഗ്രാമപ്പഞ്ചായത്തുകളുടെ ഭാഗങ്ങൾ ഒഴിപ്പിക്കാൻ ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ല.

നാടിന്റെ വികസനത്തിന് ഭൂമി തിരിച്ചുപിടിക്കണം

: പട്ടണത്തിന്റെ എല്ലാ ഭാഗങ്ങളിലും വലിയ ഗതാഗതക്കുരുക്കാണ്. പുതിയ ബൈ റോഡുകൾ സ്ഥാപിച്ച് ഗതാഗതം സുഗമമാക്കിയാലേ പ്രശ്നത്തിന് പരിഹാരമുണ്ടാകൂ. പട്ടണത്തിൽ ആവശ്യത്തിന് പാർക്കിങ് സൗകര്യമില്ലാത്തതും പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

ബൈ റോഡുകളുണ്ടാക്കാനും പാർക്കിങ്ങിനും കൈയേറ്റഭൂമികൾ തിരിച്ചുപിടക്കുകയാണ് പോംവഴി. ട്രാംവേ റോഡിൽ അടുത്തകാലത്തുവന്ന പുതിയ വാണിജ്യസ്ഥാപനങ്ങളിരിക്കുന്ന സ്ഥലങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും റോഡിന് ഈ ഭാഗത്ത് നല്ല വീതിയുണ്ടെന്ന്. എന്നാൽ, വടക്കേ ബസ് സ്റ്റാൻഡ് കഴിഞ്ഞാൽ റോഡിന് വീതി കുറഞ്ഞുവരുകയാണ്. കൈയേറ്റമാണ് ഇതിനുകാരണം. ചാലക്കുടി അടിപ്പാതയിൽനിന്ന് ടൗണിലേക്കുവരുന്ന വാഹനങ്ങൾക്കും വെള്ളിക്കുളം റോഡിലേക്ക് ഈ വഴി പോകുന്ന വാഹനങ്ങൾക്കും ട്രാംവേ റോഡിന്റെ വീതി കൂട്ടുന്നത് ഏറെ ഗുണകരമായിരിക്കും.