നിർമാണം ഇഴഞ്ഞ് മണിയൻകിണർ ഉന്നതി; കാട് നിറഞ്ഞു,വീടെവിടെ ?

കണ്ണടച്ച് അധികൃതർ
തൃശ്ശൂർ : നിർമാണം നിലച്ചതോടെ മണിയൻകിണർ ഉന്നതിയിലെ പണി പൂർത്തിയാകാത്ത വീടുകൾ കാടുകയറി. 2022-ൽ ലൈഫ് മിഷൻ പദ്ധതിയും ട്രൈബൽ വകുപ്പുമായി സഹകരിച്ച് ആരംഭിച്ച ആറുലക്ഷം രൂപയുടെ ഭവനപദ്ധതിയിൽ ഏഴ് വീടുകളാണ് ഉന്നതിയിലേക്ക് അനുവദിച്ചിരുന്നത്.
എന്നാൽ, അതിൽ രണ്ട് വീടുകൾ മാത്രമാണ് പണിപൂർത്തിയാക്കിയത്. വിഷുവിനുമുമ്പ് പണി പൂർത്തിയാക്കി താക്കോൽ കൈമാറുമെന്നായിരുന്നു പോലീസിനെ കരാറുകാരൻ അറിയിച്ചിരുന്നത്. എന്നാൽ, ഇതുവരെയും പുരോഗതിയുണ്ടായിട്ടില്ല.
പദ്ധതിയിലുൾപ്പെട്ട ഊരുമൂപ്പൻ എം.എ. കുട്ടന്റെ വീട് കാടുകയറിയ നിലയിലാണ്. വീടിന്റെ കോൺക്രീറ്റിടൽ പൂർത്തിയാക്കി തേപ്പും കഴിഞ്ഞു. 5.30 ലക്ഷം രൂപ കരാറുകാരന് കൈമാറി. എന്നാൽ, പിന്നീട് കരാറുകാരൻ ഫോൺ എടുക്കാതെയായി. പോലീസിലും കളക്ടർക്കുമുൾപ്പെടെ പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു.
ചോർന്നൊലിക്കുന്ന വീട്ടിലാണിപ്പോൾ കുട്ടനും കുടുംബവും താമസിക്കുന്നത്. മഴയത്തും വെയിലത്തും വീട്ടിൽ കിടക്കാൻ കഴിയാത്ത സ്ഥിതിയാണ്. പക്ഷാഘാതം വന്നു കിടപ്പിലായിരുന്നു കുട്ടൻ. ഹൃദ്രോഗികൂടിയായ കുട്ടന്റെ ആരോഗ്യനില ദിനംപ്രതി മോശമാകുകയാണ്. 1984-ൽ പണികഴിപ്പിച്ച, എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന വീട്ടിലാണ് താമസിക്കുന്നത്. 80 കഴിഞ്ഞ അമ്മയും ഭാര്യയും മൂന്ന് മക്കളും മരുമകളും പേരക്കുട്ടിയുമടങ്ങുന്നതാണ് കുടുംബം.
ഉന്നതിയിലെ നിർമാണം പൂർത്തിയാകാത്ത വീടുകളിൽ താമസം തുടങ്ങിയവരുമുണ്ട്. മഴയിൽ ചോരാതെ ഒന്നു തലചായ്ക്കണമെന്നത് മാത്രമാണ് ഇവരുടെ ചിന്ത.
ഉന്നതിയിൽ കാട്ടാനയുൾപ്പെടെയുള്ള വന്യജീവികൾ സ്ഥിരം സന്ദർശകരാണ്. അടച്ചുറപ്പിനായി വാതിലും ശൗചാലയവും മാത്രമാണു കുട്ടൻ ആവശ്യപ്പെടുന്നത്. ശൗചാലയത്തിനായി എടുത്ത സെപ്റ്റിക് ടാങ്കിന്റെ കുഴി ഇതുവരെയും സ്ലാബ് വെച്ച് അടച്ചിട്ടില്ല.
സർക്കാർ തഴയുന്ന സാഹചര്യത്തിൽ മറ്റ് സംഘടനകളിൽനിന്നെങ്കിലും സഹായം ലഭിക്കുകയാണെങ്കിൽ താത്കാലികാശ്വാസമാകുമെന്നു കുട്ടൻ പറയുന്നു.