കുന്നതൃക്കോവിൽ ക്ഷേത്ര നവീകരണം തുടങ്ങി

കൊടകര : നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കൊടകര കുന്നതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ നവീകരണജോലികൾ തുടങ്ങി. കേരളത്തിൽ ആദ്യമായി നൂറ്റാണ്ടുമുൻപ് ഷഷ്ഠി ആഘോഷിച്ചത് കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്ന ഈ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണെന്ന് പഴമക്കാർ പറയുന്നു. കേരളത്തിലെ പഴനിയെന്ന് വിളിക്കുന്ന ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകൾ നിർമിച്ചിരിക്കുന്നതും പഴനി മാതൃകയിലാണ്. ഈ പടിക്കെട്ടുകൾ ഉൾപ്പെടെ നവീകരിക്കും.
ക്ഷേത്രത്തിന്റെ ചുറ്റുമതിൽ കരിങ്കൽകെട്ടി സംരക്ഷിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. നാലു പതിറ്റാണ്ടു മുൻപ് ക്ഷേത്രത്തിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയ്തശേഷമുള്ള നവീകരണജോലികളാണ് ഇപ്പോൾ നടക്കുന്നത്. പൂനിലാർക്കാവ് ദേവീക്ഷേത്രത്തിന്റെ കീഴേടമാണ് കുന്നതൃക്കോവിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. വൃശ്ചികമാസത്തിലെ സ്കന്ദഷഷ്ഠിയാണ് ഈ മുരുക ക്ഷേത്രത്തിലെ പ്രധാന ആഘോഷം. നൂറുകണക്കിന് പൂക്കാവടികളും ഗോപുരക്കാവടികളും ദേവീക്ഷേത്രത്തിൽ ആടിത്തിമിർക്കുമ്പോൾ കുന്നിൻമുകളിലെ മുരുകക്ഷേത്രത്തിലാണ് അഭിഷേകവും പൂജകളും നടത്തുക. ദേവീക്ഷേത്രത്തിൽനിന്ന് പുലർച്ചെ ക്ഷേത്രഭാരവാഹികളും താന്ത്രികരും അഭിഷേകവസ്തുക്കളുമായി പുറപ്പെടുന്നതോടെയാണ് ഷഷ്ഠി ചടങ്ങുകൾക്ക് തുടക്കമാകുക. ഡിസംബർ 15-ന് ആഘോഷിക്കുന്ന ഷഷ്ഠിക്കു മുൻപ് മതിൽക്കെട്ട് പൂർത്തിയാക്കാനും ചുറ്റമ്പലനിർമാണം 2027-ലെ ഷഷ്ഠിക്കു മുൻപ് തീർക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ക്ഷേത്രം ഭാരവാഹികളായ ഡി. നിർമൽ, ഇ. രവീന്ദ്രൻ, ഉണ്ണി പോറോത്ത് എന്നിവർ പറഞ്ഞു.