ടാറിടൽ വൈകുന്നു; മെറ്റലിളകിയ റോഡിൽ യാത്രാദുരിതം

കുറ്റിച്ചിറ : മെറ്റലടിച്ച കുറ്റിച്ചിറപ്പാലം ജങ്ഷൻ-പീലാർമുഴി റോഡ് ടാറിടൽ വൈകുന്നത് യാത്രക്കാരെ വലയ്ക്കുന്നു. നിർമാണമാരംഭിച്ച് രണ്ടു വർഷത്തിലേറെയായെങ്കിലും പലതവണ വിവിധ കാരണങ്ങളാൽ തടസ്സപ്പെട്ടു. മെറ്റലിട്ടിട്ട് നാലു മാസത്തോളമായെങ്കിലും ടാറിടുന്നതിനുള്ള നടപടികൾ ഇനിയുമാരംഭിച്ചിട്ടില്ല.

വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടി പറക്കുന്നതിനാൽ സമീപത്തെ വീടുകൾക്കും മറ്റ് യാത്രികർക്കും വലിയ ബുദ്ധിമുട്ടാണ്. പി.എം.ജി.എസ്.വൈ. പദ്ധതിയിലുൾപ്പെടുത്തി 3.26 കോടി രൂപ വകയിരുത്തി എട്ടു മീറ്റർ വീതിയിലാണ് മൂന്നു കിലോമീറ്റർ റോഡ് നിർമിക്കുന്നത്. ഇതിൽ 500 മീറ്റർ റോഡ് വീതികൂട്ടുന്നതിന് നാട്ടുകാർ സൗജന്യമായാണ് ഭൂമി വിട്ടുനൽകിയത്.

നിർമാണം പൂർത്തിയാകുന്നതോടെ പരിയാരം പഞ്ചായത്തിലെ മോതിരക്കണ്ണി-പീലാർമുഴി എന്നിവിടങ്ങളിൽനിന്ന് കുറ്റിച്ചിറയിലേക്ക് നാലു കിലോമീറ്ററോളം ദൂരം ലാഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു പ്രദേശവാസികൾ. മൂന്നു കിലോമീറ്ററോളം ദൂരം വലതുകര കനാലിന്റെ ബണ്ടിലൂടെയാണ് കടന്നുപോകുന്നത്. കനാൽബണ്ടരികിൽ ഉയരമുള്ള പുല്ലും പാഴ്‌ച്ചെടികളും വളർന്നതിനാൽ വളവുകളിൽ എതിർവശത്തുനിന്ന് വരുന്ന വാഹനങ്ങൾ കാണാനാകാത്ത സാഹചര്യമാണ്. പെട്ടെന്ന് ബ്രേക്ക് പിടിക്കുമ്പോൾ ഇരുചക്രവാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെടുന്നതും ഇളകിക്കിടക്കുന്ന കല്ലുകളിൽക്കയറി തെന്നിവീഴുന്നതും പതിവാണെന്ന് പരിസരവാസികൾ പറഞ്ഞു. കനാലിലൂടെ വെള്ളം വിടുന്നതിന് മുന്നൊരുക്കമായി കനാലിലെ മാലിന്യവും മണ്ണും ഉൾപ്പെടെയുള്ള ചെളി കോരിയിട്ടിരിക്കുന്നത് കനാൽബണ്ടിന്റെ അരികിലാണ്.

മഴ പെയ്യുമ്പോൾ കോരിയിട്ടിരിക്കുന്ന ചെളി വീണ്ടും കനാലിലേക്കുതന്നെ വീഴുമെന്നും ആക്ഷേപമുണ്ട്. തൃശ്ശൂർ ഭാഗത്തുനിന്ന് അതിരപ്പിള്ളി വിനോദസഞ്ചാരമേഖലയിലേക്ക് എളുപ്പത്തിൽ എത്തുന്നതിനും ഉപകാരപ്പെടുന്ന റോഡ് 2025 ഡിസംബറിൽ നിർമാണം പൂർത്തിയാക്കി തുറന്നുകൊടുക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ, 2026 അവസാനിക്കുമ്പോഴും പണി പാതിവഴിയിൽത്തന്നെയാണ്. പലയിടത്തും മെറ്റലിളകി കുഴിയായത് അപകടഭീഷണി സൃഷ്ടിക്കുന്നു. മെറ്റലിളകിക്കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതമാണെന്നും എത്രയും വേഗം റോഡ് ടാറിടൽ പൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.