കൊരട്ടി മുത്തിയുടെ തിരുനാൾ: മുന്നൊരുക്കം തുടങ്ങി

കൊരട്ടി : ഗാതഗതരുക്കുരുക്കുൾപ്പെടെയുള്ള പ്രതിസന്ധികൾ മറികടന്ന് കൊരട്ടി മുത്തിയുടെ തിരുനാൾപ്രവർത്തനങ്ങളെ എകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പുകളുടെ യോഗം നടന്നു.

സനീഷ്‌കുമാർ ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. കൊരട്ടി ജങ്ഷനിൽ നടക്കുന്ന മേൽപ്പാലനിർമാണവും അതിരൂക്ഷമായി തുടരുന്ന ഗതാഗതക്കുരുക്കും മുൻകൂട്ടിക്കണ്ടാണ് നേരത്തേതന്നെ അവലോകനയോഗം നടന്നത്.

ഒക്ടോബർ 10-നാണ് തിരുനാളിന് തുടക്കമാകുക. കൊരട്ടി പള്ളി വികാരി ഫാ. ജോൺസൺ കക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ്, ഡിവൈ.എസ്.പി. കുരിയാക്കോസ്, തഹസിൽദാർ പി.കെ. ജേക്കബ്, ഇൻസ്‌പെക്ടർ കെ.സി. രതിഷ്, എസ്.ഐ. വിഷ്ണു രാമചന്ദ്രൻ, കൈക്കാരന്മാരായ ജോമോൻ പള്ളിപ്പാടൻ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

സ്പാനുകളുടെ നിർമാണപൂർത്തീകരണം വൈകും

സ്പാനുകളുടെ നിർമാണം പൂർത്തിയാക്കി മേൽപ്പാലത്തിന്റെ ചുവട്ടിലൂടെ സഞ്ചാരത്തിന് അനുവദിക്കുമെന്ന്‌ മുൻപ്‌ നൽകിയ ഉറപ്പ് പാലിക്കാനാകില്ല. നിർമ്മാണം പാതിപോലു മുന്നോട്ടുപോകാത്ത സാഹചര്യത്തിൽ സ്പാനുകളുടെ നിർമാണം പൂർത്തീകരിക്കാൻ ഇനിയും സമയം വേണമെന്ന് നിർമാണക്കമ്പനി സൂചന നൽകി.

കുരുക്കൊഴിവാക്കാൻ കാത്തുനിൽപ്പുകേന്ദ്രം മാറ്റും

ദേശീയപാതയിലെ എറണാകുളം തൃശ്ശൂർ പാതയിലെ കൊരട്ടി ജങ്ഷനിലുള്ള കാത്തുനിൽപ്പുകേന്ദ്രം തിരുനാൾകാലത്തെ കുരുക്കൊഴിവാക്കാനായി മാറ്റിസ്ഥാപിക്കും. ബദൽ റോഡിൽത്തന്നെ നിർത്തി യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ബസുകൾ നിർത്തുന്നതോടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകും. കൊരട്ടി ജങ്ഷനിലുള്ള കപ്പേളയ്ക്കു മുൻവശത്തെ പൊതുസ്ഥലം ജില്ലാ കളക്ടറുടെ പ്രത്യേകാനുമതിയോടെ ഏറ്റെടുക്കും. തിരുനാൾ പ്രമാണിച്ച് കെ.എസ്.ആർ.ടി.സി.യും സ്വകാര്യബസുകളും അധികസർവീസുകൾ നടത്താനുള്ള സാഹചര്യം കണക്കിലെടുത്താൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാക്കും. ഇതിനുപുറമേ തിരുനാളിനെത്തുന്നവരുടെ വാഹനങ്ങളുടെ പാർക്കിങ്ങിനായി മേൽപ്പാലത്തിന്റെ നിർമാണസ്ഥലം ഏറ്റെടുക്കും. പെരുമ്പി മുതൽ മുരിങ്ങൂർ വരെയുള്ള സർവീസ്റോഡുകൾ അടിയന്തരപ്രാധാന്യത്തോടെ റീടാറിങ് നടത്തി ബദൽറോഡ് ഗതാഗതയോഗ്യമാക്കും. ഇതിനുപുറമേ, വിവിധ വകുപ്പുമേധാവികളുടെ നേതൃത്വത്തിൽ നിർമാണമേഖലയിലെ ട്രാഫിക് കമ്മിറ്റിയുടെ പരിശോധനയും നടക്കും.