ഓടിക്കൊണ്ടിരിക്കേ ഇലക്ട്രിക്ക് സ്കൂട്ടർ കത്തിനശിച്ചു

കൊരട്ടി : ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരിക്കേ ഇലക്ട്രിക്ക് സ്കൂട്ടറിന് തീപിടിച്ചു. കൊരട്ടി മംഗലശ്ശേരി സ്വദേശി ആദിൽകൃഷ്ണയും സുഹൃത്തും സഞ്ചരിച്ച ഇലക്ട്രിക്ക് സ്കൂട്ടർ കൊരട്ടി ഗവ. പ്രസിന് എതിർവശത്തുവെച്ച് തീപിടിക്കുകയായിരുന്നു. വാഹനത്തിന്റെ പിറകിൽ പുക കണ്ടതോടെ ഇരുവരും പെട്ടെന്ന് വാഹനം നിർത്തുകയായിരുന്നു. സ്കൂട്ടറിന്റെ പുറകിലെ ഭാഗത്തെ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രഥാമികനിഗമനം.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ചാലക്കുടിയിൽനിന്ന് അഗ്നി രക്ഷാ സേനയെത്തി തീയണച്ചു. സ്കൂട്ടർ പൂർണമായും നശിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ.എ. സുമിത്ത്, സേനാംഗങ്ങളായ ടി.ഡി. ദീപു, അനിൽമോഹൻ, കെ. ഗിരീഷ്, കെ. അരുൺ, അഖിൽ ആർ. നായർ, കെ.എൽ. ജെയ്ജോ എന്നിവർ നേതൃത്വം നൽകി. കൊരട്ടി പോലിസ് എസ്.എച്ച്.ഒ. വിഷ്ണു രാമചന്ദ്രൻ, എസ്.ഐ. സി.പി. ഷിബു എന്നിവരുടെ നേതൃത്വത്തിൽ കൊരട്ടി പോലീസും സ്ഥലത്തെത്തിയിരുന്നു.