റോഡ് പൊളിച്ച് കുളമാക്കി വാട്ടർ അതോറിറ്റി, പണികൾ നിർത്തിവെപ്പിച്ച് പഞ്ചായത്ത്

കയ്പമംഗലം : കുടിവെള്ള പൈപ്പിടാൻ റോഡ് വെട്ടിപ്പൊളിച്ച് കുളമാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയാത്തതിൽ പ്രതിഷേധവുമായി ജനപ്രതിനിധികൾ. കയ്പമംഗലം ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ട് സെന്ററിൽനിന്ന് പള്ളിനടയിലേക്കുള്ള റോഡാണ് വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച് കുളമാക്കിയത്. എട്ടുമാസം പിന്നിട്ടിട്ടും പണി പൂർത്തിയാക്കാനോ ഗതാഗതം പുനഃസ്ഥാപിക്കാനോ കഴിയാത്തിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അംഗങ്ങളെത്തി പണികൾ നിർത്തിവെപ്പിച്ചത്.
ദേശീയപാതയിലെ പന്ത്രണ്ട് സെന്റർ മുതൽ ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിലെ പള്ളിനട ആർ.സി.യു.പി. സ്കൂൾ വരെയുള്ള ഭാഗത്തുകൂടിയാണ് പഞ്ചായത്തിലേക്കുള്ള പ്രധാന പൈപ്പ് ലൈൻ വരുന്നത്. ഇവിടത്തെ പഴയ ലൈൻ മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലികളാണ് വാട്ടർ അതോറിറ്റി ചെയ്യുന്നത്. സെപ്റ്റംബർ 30-നകം പൈപ്പ് സ്ഥാപിക്കൽ പൂർത്തിയാക്കി റോഡ് റീടാർ ചെയ്ത് നൽകാമെന്നാണ് കരാർ കമ്പനിയും വാട്ടർ അതോറിറ്റിയും പഞ്ചായത്തിന് ഉറപ്പുനൽകിയിരുന്നത്. എന്നാൽ, സമയപരിധി കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പണി പൂർത്തിയാക്കാനോ റോഡ് ഗതാഗതയോഗ്യമാക്കാനോ കരാർ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. പൈപ്പിടാൻ കുഴിച്ച ഭാഗത്തിനുപുറമേ റോഡിന്റെ മറ്റു ഭാഗങ്ങളും തകർന്ന നിലയിലാണ്.
പ്രഷർ ടെസ്റ്റിങ്ങിനിടെ രണ്ടിടങ്ങളിൽ പൈപ്പിന് തകരാർ കണ്ടെത്തിയിരുന്നു. ഇതു പരിഹരിക്കാൻ രണ്ടിടത്ത് വീണ്ടും റോഡ് കുഴിച്ചിട്ടിരിക്കുകയാണ്. എത്രയും വേഗം പൈപ്പിന്റെ മുഴുവൻ ജോലികളും പൂർത്തിയാക്കി റോഡ് പൂർണമായും ടാർ ചെയ്ത് നൽകണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.
അതേസമയം പണികൾ പൂർത്തിയാക്കിയാൽ പൈപ്പിടാൻ കുഴിച്ച ഭാഗം മാത്രമേ ടാർ ചെയ്തുനൽകാൻ കഴിയൂവെന്നാണ് വാട്ടർ അതോറിറ്റി ഇപ്പോൾ പറയുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രൻ പറഞ്ഞു. ഇതേത്തുടർന്നാണ് പ്രഡിഡന്റിന്റെ നേതൃത്വത്തിൽ മറ്റ് അംഗങ്ങളുമെത്തി പണികൾ നിർത്തിവെപ്പിച്ചത്.
റോഡ് മുഴുവനായും ടാർ ചെയ്തുനൽകാമെന്ന് രേഖാമൂലം ഉറപ്പുനൽകിയാൽമാത്രമേ തുടർപ്രവൃത്തികൾ അനുവദിക്കൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. വൈസ് പ്രസിഡന്റ് കെ.കെ. സക്കരിയ, വാർഡ് മെമ്പർ രശ്മി ശ്രീജിത്ത്, ഡി.സി.സി. സെക്രട്ടറി സി.ജെ. പോൾസൺ, ഉമർ തോട്ടുപറമ്പത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.