'പൈപ്പിടൽ ഇനിയും വൈകിപ്പിച്ചുകൂടാ'

കുടിവെള്ള പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ യോഗത്തിൽ തീരുമാനം
കരുവന്നൂർ പുഴയോട് ചേർന്ന് പമ്പുഹൗസും കിണറും നിർമിക്കും
ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും
ഇരിങ്ങാലക്കുട : മുരിയാട്, വേളൂക്കര, ഇരിങ്ങാലക്കുട നഗരസഭ കുടിവെള്ള പദ്ധതികളുടെ ശേഷിക്കുന്ന സ്ഥലങ്ങളിൽ പൈപ്പിടൽ പൂർത്തിയാക്കാൻ തോമസ് ഉണ്ണിയാടൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന വാട്ടർ അതോറിറ്റിയുടേയും പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥരുടേയും യോഗത്തിൽ തീരുമാനം.
പൈപ്പിടൽ 90 ശതമാനം പൂർത്തിയായിട്ടുണ്ടെങ്കിലും ശേഷിക്കുന്ന ഭാഗത്ത് പൈപ്പിടാൻ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഒമ്പത് റോഡുകളിൽ കുഴിയെടുക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച തർക്കമാണ് പൈപ്പിടൽ വൈകാൻ കാരണം. റോഡിൽ കുഴിയെടുക്കുന്നതും പൈപ്പിട്ട് റോഡ് പൂർവസ്ഥിതിയിലാക്കുന്നതും വാട്ടർ അതോറിറ്റി ചെയ്യണമെന്ന് എം.എൽ.എ. നിർദേശിച്ചു.
റോഡ് പൊളിക്കാനുള്ള അനുമതി പി.ഡബ്ല്യൂ.ഡി. നൽകും. പൈപ്പിടുന്നതിന് ഫണ്ട് തടസ്സമല്ലെന്നും എ.എൽ.എ. പറഞ്ഞു. മുരിയാട്, വേളൂക്കര കുടിവെള്ള ടാങ്കുകൾ നിർമിക്കുന്നതിനുള്ള ടെൻഡർ നൽകിയിട്ടുണ്ടെങ്കിലും പണി പുനരാരംഭിക്കാൻ ഇപ്പോഴുള്ള ടെൻഡർ നിരക്കിനേക്കാളും കൂടുതൽ തുക വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പരിഹരിക്കും.
പദ്ധതിക്കായി കരുവന്നൂർ പുഴയോട് ചേർന്ന് പമ്പ് ഹൗസും കിണറും നിർമിക്കാൻ തീരുമാനിച്ചു. കുടിവെള്ള പദ്ധതിയുടെ പ്രധാനഘടകങ്ങളായ കിണർ റോ വാട്ടർ പമ്പിങ് മെയിൻ 18 എം.എൽ.ഡി. ശുദ്ധീകരണശാലയാണ് നിർമിക്കേണ്ടത്. ഇതിനുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കും.
പദ്ധതി പൂർത്തിയാക്കുന്നതിനാവശ്യമായ ഫണ്ടും മറ്റ് സാങ്കേതിക തടസ്സങ്ങളും ചർച്ച ചെയ്യാനും പരിഹരിക്കാനും എറണാകുളത്ത് ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽ യോഗം ചേരാനും തീരുമാനിച്ചു. കാട്ടൂർ, കാറളം, പടിയൂർ, പൂമംഗലം പഞ്ചായത്തുകൾക്ക് ദിവസേനെ വെള്ളം ലഭിക്കുന്നതിനുള്ള പദ്ധതിക്ക് രൂപരേഖ തയ്യാറാക്കാൻ എം.എൽ.എ. വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി.
പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ ബി. പ്രമോദ്, ജലവിഭവ വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ വിന്നി പോൾ, അസി. എക്സിക്യുട്ടീവ് എൻജിനീയർമാരായ സി.സി. ജയേഷ്, ബേസിൽ ചെറിയാൻ, ഇ.ഐ. സജിത, കെ.വി. ബാബു, സജിതബായി, അസി. എൻജിനീയർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.