കുറ്റിലക്കടവ് ഹൈസ്‌കൂൾ റോഡ് തകർന്നു

പെരിഞ്ഞനം : കുറ്റിലക്കടവ് ഹൈസ്‌കൂൾ റോഡിൽ പെരിഞ്ഞനം സെന്റർമുതൽ ആർ.എം.വി.എച്ച്.എസ്. സ്‌കൂൾവരെയുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞ് കുഴികളായത്. സ്‌കൂൾ കുട്ടികളടക്കം വാഹനയാത്രക്കാരും നാട്ടുകാരും ദുരിതത്തിലായി.

2019-ൽ പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 4.13 കോടി ചെലവിൽ നിർമാണം പൂർത്തീകരിച്ച പെരിഞ്ഞനംസെന്റർ മുതൽ മതിലകം പള്ളിവളവ്‌ വരെ 4.5 കിലോമീറ്റർ നീളമുള്ള റോഡിന്റെ ഒരു ഭാഗമാണ് ഈ കുറ്റിലക്കടവ് റോഡ്.

പെരിഞ്ഞനം കുറ്റിലക്കടവ് ഗവ. ആശുപത്രിയിലേക്കും പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്. സ്‌കൂളടക്കം മേഖലയിലെ സ്‌കൂളുകളിലേക്കു പോകുന്നതും ബസ് സർവീസടക്കമുള്ളതുമായ പ്രധാനപ്പെട്ട റോഡാണിത്.

കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ മതിലകം പള്ളിവളവുവരെ കിഫ്ബി പദ്ധതിയിൽ റോഡു പൊളിച്ച് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്ന നിർമാണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. പൈപ്പുകളിടുന്നത് പൂർത്തിയായാൽ പദ്ധതിയിൽ ഉൾപ്പെടുത്തി പൊളിച്ച റോഡിന്റെ പുനർനിർമാണം നടക്കും.

എന്നാൽ, ഒരു വർഷത്തോളമായി തകർന്നുകിടക്കുന്ന പെരിഞ്ഞനം-കുറ്റിലക്കടവ് റോഡ് വാട്ടർ അതോറിറ്റിയുടെ പദ്ധതിയിൽ ഉൾപ്പെടാത്തതിനാൽ റോഡിന്റെ പുനർനിർമാണം അനിശ്ചിതത്വത്തിലാണ്. ഈ റോഡിന്റെ പ്രാധാന്യം മനസ്സിലാക്കി റോഡിന്റെ കേടുപാടുകൾ തീർത്ത് പുർനിർമാണം നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.