തീരാത്ത ദുരിതം

കൊച്ചുകടവ് -ആലമറ്റം റോഡ് പുനർനിർമാണം ഇഴയുന്നു
മാള : കൊച്ചുകടവ്-കുണ്ടൂർ-ആലമറ്റം റോഡ് പുനർനിർമാണം പൂർത്തിയാക്കാത്തത് യാത്രാദുരിതം രൂക്ഷമാക്കി. 2025 ജനുവരിയിൽ പുനർനിർമാണം ആരംഭിച്ചെങ്കിലും കൃത്യമായ പണികൾ നടന്നിട്ടില്ല. ഇടവിട്ട സ്ഥലങ്ങളിൽ മാത്രമാണ് ആദ്യഘട്ട മെറ്റലിങ് നടത്തിയിട്ടുള്ളത്. മാസങ്ങൾക്ക് മുൻപ് നടത്തിയ ആദ്യഘട്ട മെറ്റലിങ് തകർന്നുകിടക്കുകയാണ്.
പലസ്ഥലത്തും പുനർനിർമാണം തുടങ്ങുന്നതിനു മുൻപ് റോഡ് തകർന്ന അവസ്ഥയേക്കാൾ മോശമാണ്. ആദ്യഘട്ടമായി ചെയ്ത മെറ്റൽ ഇളകിപ്പോയി വലിയ കുഴികളായിട്ടുണ്ട്. കൊച്ചുകടവ് മുതൽ ആലമറ്റം വരെയുള്ള 5.712 കിലോമീറ്റർ റോഡ് പി.എം.ജി.എസ്.വൈ. പദ്ധതിയിലാണ് പുനർനിർമിക്കുന്നത്.2026 ജനുവരി 31 വരെയാണ് നിർമാണ കാലാവധി ഉണ്ടായിരുന്നത്. 444.31 ലക്ഷം രൂപയുടെ അടങ്കൽ തുകയാണ് അനുവദിച്ചിട്ടുള്ളത്. അഞ്ച് വർഷത്തെ അറ്റകുറ്റപ്പണി ഉറപ്പുനൽകിയാണ് കാസർകോട് കേന്ദ്രമായുള്ള സി.എച്ച്. കൺസ്ട്രക്ഷൻസ് കരാർ എടുത്തിട്ടുള്ളത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് പദ്ധതിക്കായി ഫണ്ട് അനുവദിച്ചത്.
പദ്ധതിയുടെ നടത്തിപ്പ് ചുമതല നിർവഹിക്കുന്നത് സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസിയാണ്. ഈ റോഡിൽ അഞ്ച് കലുങ്കുകളാണ് നിലവിലുള്ളത്. ആറ് മീറ്റർ വീതിയുള്ള റോഡിന്റെ നിർമാണരീതികൾ വിശദീകരിച്ച് കൊച്ചുകടവിൽ ബോർഡ് സ്ഥാപിച്ച് ഒരു വർഷം കഴിഞ്ഞിട്ടും നിർമാണം മന്ദഗതിയിലാണ്.
തകർന്നുകിടക്കുന്ന ഈ റോഡിലൂടെ ഓട്ടോറിക്ഷകൾ പോലും പോകാത്ത അവസ്ഥയാണ്. നിർമാണം എന്ന് പൂർത്തിയാകുമെന്ന് ഉറപ്പുനൽകാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല.