ചേറ്റുവ അഴിമുഖം: പുലിമുട്ട് നവീകരണത്തിന് 3,000 ടെട്രാപോഡുകൾ

ചാവക്കാട് : ചേറ്റുവ അഴിമുഖത്തെ പുലിമുട്ടുകളുടെ നവീകരണത്തിനും വികസനത്തിനുമായി ടെട്രാപോഡുകൾ നിർമിച്ചുതുടങ്ങി. ഹാർബർ എൻജിനീയറിങ് വകുപ്പാണ് അഴിമുഖത്തിന്റെ ഇരുവശത്തുമുള്ള കടപ്പുറം പഞ്ചായത്തിലും ഏങ്ങണ്ടിയൂർ പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന രണ്ടു പുലിമുട്ടുകളുടെയും നവീകരണജോലി ചെയ്യുന്നത്. രണ്ടു പുലിമുട്ടുകൾക്കുമായി ആകെ 3,000 ടെട്രാപോഡുകളാണ് നിർമിക്കുന്നത്. ഓരോ ടെട്രാപോഡിനും അഞ്ച് ടൺ ഭാരമാണ് ഉണ്ടാവുക.
ഇതിൽ അഴിമുഖത്തിന്റെ വടക്കുഭാഗത്തെ പുലിമുട്ടിനുവേണ്ടി 1,600 ടെട്രാപോഡുകളും തെക്കുഭാഗത്തെ പുലിമുട്ടിനു വേണ്ടി 1,400 ടെട്രാപോഡുകളും നിർമിക്കും. നിലവിലുള്ള ഈ രണ്ടു പുലിമുട്ടുകളും നിർമിച്ചിട്ട് 15 വർഷത്തിലേറെയായെങ്കിലും ഇതുവരെ കാര്യമായ നവീകരണമോ ബലപ്പെടുത്തലോ നടത്തിയിട്ടില്ല. ഇതു കാരണം പുലിമുട്ടുകൾക്കായി അടുക്കിയ വലിയ പാറക്കല്ലുകൾ പലതും കടലിലേക്ക് ഇടിഞ്ഞുവീഴുകയും മറ്റും ചെയ്ത് ഇവയുടെ ബലം കുറഞ്ഞിട്ടുണ്ട്.
പുലിമുട്ടുകൾക്കു മുകളിലേക്ക് കടൽ പ്രക്ഷുബ്ധമാവുമ്പോൾ തിരയടിച്ചുകയറി പുലിമുട്ടിലെ മണ്ണും ചെറുകല്ലുകളുമെല്ലാം നഷ്ടപ്പെട്ട് വലിയ വിടവുകളും രൂപപ്പെട്ട നിലയിലാണ്. വർഷങ്ങളായി തിരയടിച്ച് പല വലിയ പാറക്കല്ലുകൾക്ക് തേയ്‌മാനവും സംഭവിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് രണ്ടു പുലിമുട്ടുകളും ബലപ്പെടുത്തണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്. സംസ്ഥാനസർക്കാരിന്റെ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 14.8 കോടി രൂപ ചെലവിലാണ് പുലിമുട്ടുകൾ ബലപ്പെടുത്തുന്നത്. അഴിമുഖത്തെ പുലിമുട്ടുകൾക്കു സമീപം തന്നെയാണ് കരാർക്കമ്പനി ടെട്രാപോഡുകളുടെ നിർമാണവും നടത്തുന്നത്. നിശ്ചിത വലുപ്പത്തിലുള്ള അച്ചുകളിൽ യന്ത്രസഹായത്തോടെ കോൺക്രീറ്റിൽ വാർത്തെടുക്കുന്ന ടെട്രാപോഡുകൾ അഴിമുഖത്തിനു സമീപം നിരത്തിയിട്ടുണ്ടെങ്കിലും ഇവ പുലിമുട്ടുകൾക്കു മുകളിൽ സ്ഥാപിച്ചിട്ടില്ല. ആവശ്യമായ എണ്ണത്തിനും അളവിനുമുള്ള ടെട്രാപോഡുകളുടെ നിർമാണത്തിനു ശേഷമായിരിക്കും ഇവ പുലിമുട്ടുകളിൽ സ്ഥാപിക്കുക. വലിയ പാറക്കല്ലുകൾ നിരത്തി തറയൊരുക്കി അതിനു മുകളിലായിരിക്കും ടെട്രാപോഡുകൾ സ്ഥാപിക്കുകയെന്ന് ഹാർബർ അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.
പാറക്കല്ലുകളുടെ ഭാരമളക്കുന്നതിനും മറ്റുമായി വെയിങ് ബ്രിഡ്ജ് ഉൾപ്പെടെയുള്ളവ അഴിമുഖത്തിനു സമീപം സജ്ജീകരിച്ചിട്ടുണ്ട്. ഇരു പുലിമുട്ടുകളുടെയും നീളം കൂട്ടില്ലെന്നും വാഹനത്തിനു പോകാൻ കഴിയുന്ന തരത്തിൽ മുകൾഭാഗം നിരപ്പാക്കുമെന്നും എ.ഇ. പറഞ്ഞു. ഇപ്പോൾ മുനപോലെ കൂർത്തുനിൽക്കുന്ന രണ്ട് പുലിമുട്ടുകളുടെയും കടലിലേക്കു തള്ളി നിൽക്കുന്ന അഗ്രഭാഗം യു ആകൃതിയിൽ ബലപ്പെടുത്തുമെന്നും എൻജീനീയർ അറിയിച്ചു.