ബിരിയാണിയിൽ മാറുന്ന വൈറ്റ്കോളർ സ്വപ്നം; സംരംഭക @ 36

തൃശ്ശൂർ: വെളിച്ചെണ്ണയിൽ വറുത്തെടുത്ത ചിക്കൻ, ബാക്കി വരുന്ന അതേ എണ്ണയിൽ തയ്യാറാക്കുന്ന മസാല. ബിരിയാണിക്ക് ഒന്നാംതരം അരി. കച്ചവടം എന്നതിലുപരി ബിരിയാണിയുടെ ഗുണമേന്മയിൽ വിട്ടുവീഴ്ചചെയ്യാൻ 36-കാരിയായ സംരംഭക പൂങ്കുന്നം മങ്ങാട്ടൂഞ്ഞാലിൽ രേഷ്മാ സുനിൽദാസ് ഒരുക്കമല്ല. ചെലവു വർധിച്ചാലും ആരോഗ്യകരമായ ഭക്ഷണം നൽകുന്നതിലാണു സന്തോഷം. വഞ്ചിക്കുളത്താണ് കാറിന്റെ ഡിക്കിയിൽ രേഷ്മയുടെ ബിരിയാണിക്കച്ചവടം.
ഏവിയേഷൻ പഠനത്തിനുശേഷം ഹോട്ടൽമേഖലയിൽ പത്തു വർഷത്തോളം ജോലിചെയ്തിട്ടുണ്ട് രേഷ്മ. ഗർഭകാലത്ത് ജോലിയിൽനിന്ന് വിട്ടുനിന്നു. പിന്നീടുള്ള നാലു വർഷം വീട്ടുകാര്യങ്ങൾ മാത്രമായി ഒതുങ്ങിയപ്പോൾ തോന്നിയ വിരസതയും പല ഷിഫ്റ്റുകളിലായി ജോലി ചെയ്യാനുള്ള പ്രയാസവുമാണ് രേഷ്മയെ സംരംഭകയാക്കിയത്. ദിവസവും 40മുതൽ 70വരെ ബിരിയാണിപ്പൊതികൾ വിൽക്കും. ഒരു പൊതിക്ക് 120 രൂപയാണ് വില. ബിരിയാണിക്ക് ആവശ്യക്കാരും ഏറെയാണ്. ലോട്ടറിവിൽപ്പനക്കാർമുതൽ പാർക്കിലെത്തുന്നവർവരെ ബിരിയാണി വാങ്ങാൻ സ്ഥിരമായി എത്താറുണ്ട്. ശനിയാഴ്ചകളിൽ നാലു വയസ്സുകാരനായ മകൻ എം.എസ്. ആദിദേവും അമ്മയ്ക്കൊപ്പം കൂടും. ഭർത്താവ് എം.എസ്. സുനിൽദാസ് ബാങ്കുദ്യോഗസ്ഥനാണ്.
ജോലികളിൽ തരംതിരിവ് കാണിക്കുന്ന കാഴ്ചപ്പാടുകളിൽനിന്ന് സമൂഹം മാറിത്തുടങ്ങിയിട്ടുണ്ടെന്ന് രേഷ്മ പറയുന്നു. വൈറ്റ്കോളർ ജോലി മാത്രമല്ല, സ്വന്തം ഇഷ്ടത്തിനനുസരിച്ച് സംരംഭമാരംഭിച്ച് മുന്നോട്ടുപോകുന്നതും വലിയ നേട്ടമാണെന്നാണ് അവരുടെ പക്ഷം.
ബിരിയാണിവിൽപ്പനയിൽ മാത്രം ഒതുങ്ങുന്നതല്ല രേഷ്മയുടെ സംരംഭകസ്വപ്നങ്ങൾ. നിലവിൽ ഉണക്കിയ പച്ചക്കറിപ്പൊടികളും ഹെർബൽ പൊടികളും നിർമിക്കുന്ന ആയുർബ്ലെൻഡ് ഫുഡ് പ്രൊസസിങ് യൂണിറ്റുണ്ട്.