വഴിവെളിച്ചം തരൂ അധികൃതരേ...

കൊരട്ടി : കൊരട്ടിയിൽ മേൽപ്പാലനിർമാണം നടക്കുന്ന ഭാഗത്ത് കാൽനടയാത്രക്കാർക്ക് സുരക്ഷയില്ലാതെ പാത മുറിച്ചുകടക്കേണ്ടിവരുന്നു. ജങ്ഷനിലെ മേൽപ്പാലനിർമാണം ആരംഭിച്ച സമയം മുതൽ കൊരട്ടിയിൽ വന്നുപോകുന്ന നൂറുകണക്കിന് കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കും മുൻഗണന നൽകണമെന്ന് നിർമാണക്കമ്പനിക്ക് കർശനനിർദേശം നൽകിയിരുന്നു. എന്നാൽ, ഇതു പരിഗണിക്കാതെയാണ് കഴിഞ്ഞ ദിവസം റോഡുകൾ മുറിച്ചുകടക്കാനുള്ള സൗകര്യമൊരുക്കിയത്.

ഇത് പ്രായോഗികവും സുരക്ഷിതവുമല്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തുവന്നിരുന്നു. ഇതേത്തുടർന്ന് എറണാകുളം പാതയിലുള്ള സ്പാനുകളോടുചേർന്ന് സൗകര്യമൊരുക്കുകയായിരുന്നു. നിർമാണസ്ഥലത്ത് റോഡ് മുറിച്ചുകടക്കാൻ എറ്റവും അനുയോജ്യമെന്ന നിലയിലാണ് കാൽനടയാത്രികർക്ക് സൗകര്യമൊരുക്കിയത്. ഈ ഭാഗത്ത് തെരുവുവിളക്ക് സ്ഥാപിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ബുധനാഴ്ച തന്നെ സ്ഥാപിക്കുമെന്നാണ് ഉറപ്പുനൽകിയിരുന്നത്. എന്നാൽ, വ്യാഴാഴ്ച വൈകീട്ടും നടപടി സ്വീകരിക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കൊരട്ടി എം.എ.എം.എച്ച്.എസ്.എസ്. കൊരട്ടി എൽ.എഫ്. കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിലെയും എൽ.കെ.ജി. മുതൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ നൂറുകണക്കിന് വിദ്യാർഥികൾ കടന്നുപോകുന്നുണ്ട്. ഇവർക്കായി റോഡ് മുറിച്ചുകടക്കുന്ന ഭാഗത്തും പാതയിലും വെളിച്ചം വേണമെന്നാണ് ആവശ്യം.