കലാഭവൻമണി സ്മാരകനിർമാണം ഡിസംബർ അഞ്ചിന് തുടങ്ങും

ചാലക്കുടിയില്‍ നിര്‍മ്മിക്കുന്ന കലാഭവന്‍ മണി സ്മാരകത്തിന്റെ രൂപ രേഖ
ചാലക്കുടിയില്‍ നിര്‍മ്മിക്കുന്ന കലാഭവന്‍ മണി സ്മാരകത്തിന്റെ രൂപ രേഖ

ചാലക്കുടി: കലാഭവൻമണി സ്മാരകനിർമാണം ഡിസംബർ അഞ്ചിന് തുടങ്ങാൻ തീരുമാനമായി. സാംസ്കാരികമന്ത്രി

പി.സി. വിഷ്ണുനാഥ് തിരുവനന്തപുരത്ത്‌ വിളിച്ചുചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർമാണം അടിയന്തരമായി ആരംഭിക്കാൻ നിർദേശം നൽകിയത്. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ., സാംസ്കാരിക വകുപ്പുദ്യോഗസ്ഥർ, ഫോക്‌ലോർ അക്കാദമി ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ ദിവസം

ഫോക്‌ലോർ അക്കാദമി ഭാരവാഹികൾ നിർമാണസ്ഥലം സന്ദർശിച്ചു. സിനിമാലോകത്ത് അതുല്യപ്രതിഭയായി നിൽക്കുമ്പോഴും നാടൻപാട്ടിനെ ജനകീയ കലയാക്കി മാറ്റിയ കലാഭവൻ മണിക്കായി മൂന്നു കോടി രൂപ ചെലവിലാണ് സ്മാരകം നിർമിക്കുന്നത്. ദേശീയപാതയ്ക്കരികിൽ നഗരസഭ ജങ്‌ഷന്റെ കിഴക്കുഭാഗത്ത് വിദ്യാഭ്യാസവകുപ്പിൽനിന്ന്‌ സാംസ്‌കാരികവകുപ്പിന് കൈമാറിയ സ്ഥലത്താണ് നിർമാണം. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ഫോക്‌ലോർ അക്കാദമിയുടെ ഉപകേന്ദ്രമാക്കാൻ തീരുമാനിച്ചിട്ടുള്ള ഈ മന്ദിരത്തിന്റെ

നിർമാണപ്രവർത്തനമാരംഭിക്കുന്നത്.

2025 മേയ് 27-ന് അന്നത്തെ സാംസ്‌കാരികമന്ത്രി സജി ചെറിയാൻ നിർമാണോദ്ഘാടനം നടത്തിയെങ്കിലും നിർമാണമാരംഭിക്കാൻ സാധിച്ചിരുന്നില്ല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കാണ് നിർമാണച്ചുമതല.

6,722 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന

പഠനഗവേഷണകേന്ദ്രത്തിൽ ആർട്ട് ഗാലറി, ഡിജിറ്റൽ മ്യൂസിയം, മണിയുടെ പ്രതിമ, ലൈബ്രറി, നാടൻപാട്ടുകളുടെ ശേഖരണത്തിന്റെ സംവിധാനം, പ്രദർശനസൗകര്യം, ഓഡിറ്റോറിയം, സ്റ്റുഡിയോ, കലാപഠനത്തിനുള്ള സൗകര്യം എന്നിവ ഒരുക്കും. താഴത്തെ നില 4,000 സ്‌ക്വയർഫീറ്റിലും ബാക്കി ഒന്നാംനിലയുമാണ്.

നഗരസഭയുടെ തീരുമാനപ്രകാരം വിദ്യാഭ്യാസവകുപ്പാണ് 20 സെന്റ് ഭൂമി ആദ്യഘട്ടത്തിൽ കൈമാറിയത്. ഇതു പോരെന്ന് അറിയിച്ചതിനെത്തുടർന്ന് 15 സെന്റുകൂടി നൽകി. കേരളീയ മാതൃകയിലുള്ള കെട്ടിടമാണ് മണിയുടെ സ്മാരകമായി ജൻമനാട്ടിൽ ഇവിടെ ഉയരുക. ആറു മാസത്തിനുള്ളിൽ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം.

ശനിയാഴ്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ആലീസ് ഷിബു, വൈസ് ചെയർമാൻ കെ.വി. പോൾ, മുൻ ചെയർമാൻമാരായ വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആനിപോൾ, ജിയോ കിഴക്കുംതല, ഷീഫാ സന്തോഷ്, കൗൺസിലർ ബിന്ദു ശശികുമാർ. കെ.ബി. ഉണ്ണികൃഷ്ണൻ എന്നിവർ അവർക്കൊപ്പമുണ്ടായിരുന്നു.

Content Highlights: Construction of the Kalabhavan Mani memorial in Chalakudy will commence on December 5 at a cost of Rs 3 crore, officials confirmed.