ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നെഫ്രോളജി ഒ.പി. വരുന്നു

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി

ഇരിങ്ങാലക്കുട: ജനറൽ ആശുപത്രിയിൽ നെഫ്രോളജി വിഭാഗം ഒ.പി. ഈ ആഴ്ച ആരംഭിക്കും. എല്ലാ ബുധനാഴ്ചകളിലുമാണ് ഒ.പി. ആദ്യ ഒ.പി. ഡിസംബർ രണ്ടിനാണ്. ആശുപത്രിയിലെ ഇൻഫർമേഷൻ സെന്ററിൽ നേരത്തേ ബുക്ക് ചെയ്യുന്നവർക്കാണ് ചികിത്സ ലഭ്യമാകുക. ഡോക്ടറുടെ സേവനം ആവശ്യമുള്ളവർ എല്ലാ ദിവസവും രാവിലെ എട്ടിനും വൈകീട്ട് അഞ്ചിനും ഇടയിൽ ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും മാത്രമാണ് നെഫ്രോളജി വിഭാഗത്തിന്റെ സേവനം ലഭിക്കുന്നത്. ആശുപത്രിയിൽ കാർഡിയോളജി ഒ.പി.യിൽ ഇതുവരെ നാനൂറിലധികം പേർക്ക് സേവനം നൽകിയതിന് ആശുപത്രി വികസനസമിതി യോഗം അഭിനന്ദിച്ചു. എച്ച്.എൽ.എല്ലുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ സി.ടി. സ്‌കാൻ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ വികസനസമിതി ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.

ഐ.ഡി.ബി. ബാങ്കിന്റെ സി.എസ്.ആർ. ഫണ്ടുപയോഗിച്ച് സോളാർ സംവിധാനം ഒരുക്കാൻ യോഗം തീരുമാനിച്ചു. ഇ ഹെൽത്ത് കംപ്യൂട്ടർ സിസ്റ്റം തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒ.പി.യിലേയും കാഷ്വാലിറ്റിയിലേയും ടിക്കറ്റ് നിരക്ക് ഏകീകരിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ നഗരസഭാ ചെയർമാൻ എം.പി. ജാക്‌സൻ അധ്യക്ഷനായി. എം.എൽ.എ. പ്രതിനിധി തോമസ് തത്തംപിള്ളി, എച്ച്.എം.സി. അംഗങ്ങൾ, ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: Nephrology OP services for kidney patients will commence at the Iringalakuda General Hospital on Wednesdays.