തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൗൺസിലറുടെ സമ്മാനമായി ഉല്ലാസയാത്ര

ഇരിങ്ങാലക്കുട: തൊഴിലുറപ്പ് തൊഴിലാളികൾക്ക് മറക്കാനാകാത്ത സന്തോഷ നിമിഷം സമ്മാനിച്ച് ജനപ്രതിനിധി. ഇരിങ്ങാലക്കുട നഗരസഭ 26-ാം വാർഡ് കൗൺസിലർ ആര്യാ സുമേഷിന്റെ നേതൃത്വത്തിലാണ് കൊരുമ്പിശ്ശേരിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി സൗജന്യ ഉല്ലാസയാത്ര ഒരുക്കിയത്. വയോമിത്രം പദ്ധതിയിൽ ഉൾപ്പെടുത്തി യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു യാത്ര ആദ്യമായിട്ടാണെന്നാണ് പറയുന്നത്.
അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നേരിട്ട് കാണാനായതിന്റെ ആഹ്ലാദത്തിലാണ് 50-നും 80-നും ഇടയിൽ പ്രായമുള്ള പത്ത് വനിതാ തൊഴിലാളികൾ. സ്വന്തം വാർഡിലെയും സമീപത്തെ രണ്ട് വാർഡുകളിലെയും തൊഴിലാളികളെയാണ് കൗൺസിലർ യാത്രയിൽ ഉൾപ്പെടുത്തിയത്.
ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു യാത്ര പോകുന്നത്, വാക്കുകൾക്കതീതമായ സന്തോഷമുണ്ടെന്ന് സംഘത്തിന്റെ ലീഡറായ ജയലക്ഷ്മി രമേശൻ പറഞ്ഞു.
വർഷങ്ങളായി നമ്മുടെ വാർഡിലെ റോഡുകളും പറമ്പുകളും കാനകളും വൃത്തിയാക്കുന്ന ഈ ചേച്ചിമാർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ചിന്തയാണ് ഇത്തരമൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചതെന്ന് ആര്യാ സുമേഷ് പറഞ്ഞു.
Content Highlights: An Iringalakuda councillor arranged a scenic tour to Athirappilly and Vazhachal for elderly women working under the Employment Guarantee Scheme.