കുക്കുമ്പറിൽ നൂറ് മേനി വിളയിച്ച് ജോണി പാറക്കാട്ട്

കുക്കുമ്പര്‍ കൃഷിയിടത്തില്‍ ജോണി
കുക്കുമ്പര്‍ കൃഷിയിടത്തില്‍ ജോണി

ചേലക്കര: പ്രായം മറന്നും കുക്കുമ്പറിൽ നൂറ് മേനി വിളവെടുത്തിരിക്കുകയാണ് പാറക്കാട്ട് വീട്ടിൽ ജോണി. പ്രായം 72 പിന്നിട്ടെങ്കിലും ഇപ്പോഴും കൃഷി ജീവിതത്തിന്റെ വലിയൊരുഭാഗമാണ്. ചേലക്കര മേപ്പാടം ആലായ്ക്കൽ കുളമ്പ് പാറക്കാട്ട് വിട്ടിൽ ജോണിയാണ് കുക്കുമ്പറിൽ നൂറ് മേനി വിളയിച്ചിട്ടുള്ളത്. കൗമാര പ്രായത്തിൽ അച്ഛൻ ഔസേപ്പിൽ നിന്നുമാണ് കൃഷിയുടെ പാഠം തുടങ്ങിയത്. ഒന്നര ഏക്കറോളം സ്ഥലത്താണ് കൃഷിചെയ്യുന്നത്. കുക്കുമ്പറിന് പുറമെ പടവലം,നേന്ത്രവാഴ,ചേന,റോബസ്റ്റ്,ചീര,തെങ്ങ്,കവുങ്ങ് എന്നിവയുമുണ്ട്.

കുക്കുമ്പർ കൃഷി ചെയ്യുന്നവർ കുറവാണ്. വന്യജീവിശല്യവും കാലാവസ്ഥവ്യതിയാനവുമെല്ലാം കാര്യമായി ബാധിക്കുന്നുവെന്നതാണ് പ്രധാന കാരണം. സെപ്റ്റംബർ മാസത്തിലാണ് കുക്കുമ്പർ കൃഷിക്ക് വിത്ത് നടുന്നത്. പിന്നെ നിലമൊരുക്കി,വള്ളി പടരുന്നതിന് പന്തലൊരുക്കി,വെള്ളം ലഭിക്കാൻ നീർ ചാലൊരുക്കി പണി തുടങ്ങും. ജൈവവളമാണ് കൂടുതലായി ഉപയോഗിക്കുന്നത്. ചാണകം,കോഴിക്കാട്ടം,വേപ്പെണ്ണ, വെളുത്തുള്ളി നീരും ചേർത്തുള്ള മിശ്രിതവുമെല്ലാമാണ് ജൈവവളപ്രയോഗം. ഏകദേശം 2000 മുതൽ 3000 കിലോയോളം ഒരോ സീസണിൽ വിളവെടുപ്പ് നടത്തും. വീട്ടിൽ നിന്നും കുറച്ച് ദൂരം മാറിയാണ് കൃഷിസ്ഥലം.

കൃഷിയിടത്തിൽ മുഴവൻ സമയ കർഷകനായി മാറുമ്പോൾ ഭാര്യ ലീലയും മക്കളും കൊച്ചുമക്കളുമെല്ലാം പിന്തുണയുമായുണ്ട്. പുതുതലമുറക്ക് കൃഷിയോട് താത്പര്യകുറവുണ്ട്. കൊച്ചുമക്കളെ ഇടക്ക് കൃഷിയിടത്തിലേക്ക് കൊണ്ടുപോകാറുണ്ട്. സ്വന്തം വീട്ടിൽ നിന്ന് തന്നെ കൃഷിയുടെ ബാലപാഠങ്ങൾ നമ്മൾ പഠിപ്പിച്ച് തുടങ്ങണം. വീട്ടാവശ്യത്തിനെങ്കിലും കൃഷി ചെയ്യാൻ തയ്യാറായില്ലെങ്കിൽ വരും തലമുറ ജൈവവളമുപയോഗിച്ചുള്ള ഭക്ഷണ സാധാനങ്ങൾ ലഭിക്കാത്ത സ്ഥിതിയുണ്ടായേക്കും-ജോണി പറഞ്ഞു.

കൃഷിക്ക് വില്ലനായി മാറുന്നത് വന്യജീവികളാണ്. കാട്ടുപന്നി,മയിൽ,മലയണ്ണാൻ,മുള്ളൻപന്നി എന്നിവയാണ് പ്രധാനശല്യം. കഷ്ടപ്പെട്ട് നട്ടുനനച്ച കൃഷി ഒറ്റരാത്രികൊണ്ടാണ് ഇല്ലാതാക്കുന്നത്. വിളവെടുപ്പ് സമയമാകുമ്പോൾ മുഴുവൻ സമയവും കൃഷിയിടത്തിൽ തന്നെ നിൽക്കേണ്ട അവസ്ഥവരെ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Overcoming wildlife challenges, 72-year-old farmer Johnny Parakkatt from Chelakkara reaps a bountiful cucumber harvest using organic methods.