അന്താരാഷ്‌ട്രവേദിയിൽ തിളക്കം; മോഡേണായി കേരളത്തിന്റെ കൈത്തറിക്കസവ്

വസ്ത്രങ്ങളുടെ അവതരണത്തിൽനിന്ന്
വസ്ത്രങ്ങളുടെ അവതരണത്തിൽനിന്ന്

തൃപ്രയാർ: കൈത്തറിവസ്ത്രങ്ങൾക്കു രൂപത്തിലും ഭാവത്തിലും പുതുജീവനേകി ഗിൽസാ ഭരതൻ. റഷ്യയിൽ നടന്ന കൾച്ചറൽ കോഡ് ഫാഷൻ ഷോയിലാണ് തൃപ്രയാർ സ്വദേശിനി ഗിൽസ നിർമിച്ച പുതിയ വസ്‌ത്രങ്ങൾ ശ്രദ്ധ നേടിയത്. ഇന്ത്യയെ പ്രതിനിധാനംചെയ്താണ് ഷോയിൽ പങ്കെടുത്തത്. റഷ്യയിലെ കസാനിൽ നടന്ന ഷോയിൽ കാമി എന്ന ബ്രാൻഡിന്റെ കളക്ഷനാണ് അവതരിപ്പിച്ചത്. കെയ്സ്, വനിതകൾക്കായി ബോബർ ജാക്കറ്റ് എന്നിവയും സ്പോർട്സ് ലുക്കുകളും കഫ്ത്താനുകളുമായിരുന്നു പ്രധാന ആകർഷണം. ഒരുമാസത്തോളം വസ്ത്രങ്ങളുടെ പ്രദർശനവും നടത്തി. 

റഷ്യൻ സർക്കാർ സാംസ്‌കാരികവകുപ്പിന്റെ ക്ഷണമാണ് ഇന്റർനാഷണൽ ഷോയിൽ പങ്കെടുക്കാൻ ഗിൽസാ തിലകന് അവസരമൊരുക്കിയത്. കേരളത്തിന്റെ തനതുശൈലിയിൽ വയലുകളും പൂത്തുമ്പിയും എംബ്രോയ്ഡറിയും വസ്ത്രങ്ങളിൽ ഇഴചേർത്തെടുത്തു. കാവ്യാത്മകമായി വസ്ത്രങ്ങളിൽ നൂതനമാറ്റങ്ങളും വരുത്തി. ഇതോടെ കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും തുന്നിച്ചേർത്ത വസ്ത്രങ്ങൾക്ക് ഷോയിൽ വലിയ അംഗീകാരം ലഭിച്ചു.

ഗിൽസാ ഭരതൻ

ഫാഷൻരംഗത്ത് ഡ്രെസ് ഡിസൈനിങ്ങിൽ 10 വർഷമായി പ്രവർത്തിക്കുന്നുണ്ട് ഗിൽസാ ഭരതൻ (64). കുത്താമ്പുള്ളിയുടെ സഹകരണത്തോടെ മുണ്ട് ഉൾപ്പെടെയുള്ള വിവാഹവസ്‌ത്രങ്ങൾക്കായി ഡിസൈൻ ചെയ്യുന്നുണ്ട്. ഗിൽഡ് ഫൗണ്ടേഷനിലൂടെ ചാരിറ്റിപ്രവർത്തനവും തൃശ്ശൂർ പി.എഫ്.എ.യുടെ സ്ഥാപകാംഗമായി മൃഗസംരക്ഷണവും നടത്തുന്നു. കാമി ബ്രാൻഡിന്റെ ഡിസൈനർ കൂടിയാണ്. മകൾ മഞ്ജുലക്ഷ്മി‌യും ഡിസൈനറായി ജോലിചെയ്യുന്നു. അന്താരാഷ്ട്രവേദികളിൽ കേരളത്തനിമയെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഗിൽസ ഭരതൻ പറഞ്ഞു.

Content Highlights: Gilsa Bharathan's designs, featuring Kerala's traditional embroidery and styles, received significant recognition at an international fashion event in Russia.