പെരുങ്കടവിള കൺവെൻഷൻ സെന്റർ നിർമാണം സ്തംഭനത്തിൽ

പെരുങ്കടവിള പഞ്ചായത്തിലെ പുളിമാംകോട് വാര്‍ഡിലെ പെരുമ്പാലൂരില്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മൂന്ന് കോടി ചെലവിട്ട് നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണം പാതിവഴിയില്‍ നിലച്ച നിലയില്‍
പെരുങ്കടവിള പഞ്ചായത്തിലെ പുളിമാംകോട് വാര്‍ഡിലെ പെരുമ്പാലൂരില്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മൂന്ന് കോടി ചെലവിട്ട് നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണം പാതിവഴിയില്‍ നിലച്ച നിലയില്‍

നെയ്യാറ്റിൻകര: പെരുങ്കടവിള പഞ്ചായത്തിലെ പുളിമാംകോട് പെരുമ്പാലൂരിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ.യുടെ പ്രാദേശിക വികസനഫണ്ടിൽനിന്നു മൂന്ന് കോടി രൂപ ചെലവിട്ട് തുടങ്ങിയ കൺവെൻഷൻ സെന്റർ നിർമാണം സ്തംഭനത്തിൽ. മൂന്ന് നിലകളുള്ള കെട്ടിടത്തിന് നാലുചുറ്റും വാഹനം കടക്കാനുള്ള വഴിയൊരുക്കാത്തതിനാൽ ഫയർ ആൻഡ് സേഫ്റ്റി വകുപ്പിന്റെ ലൈസൻസ് ലഭിച്ചില്ല. മാത്രവുമല്ല എം.എൽ.എ. ഫണ്ടിൽ നിർമിച്ച് പഞ്ചായത്തിന് കൈമാറുന്ന കൺവെൻഷൻ സെന്ററിന് ഇതുവരെ പഞ്ചായത്ത് കെട്ടിടനമ്പരും നൽകിയില്ല. കെട്ടിടനമ്പർ നൽകാത്തതിനാൽ വൈദ്യുതിയും കുടിവെള്ളകണക്ഷനും ലഭിക്കുന്നില്ല.

എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് പെരുമ്പാലൂരിൽ പഞ്ചായത്ത് വാങ്ങിനൽകിയ 95 സെന്റ് സ്ഥലത്ത് സി.കെ. ഹരീന്ദ്രൻ എം.എൽ.എ.യുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് മൂന്ന് കോടി ചെലവിട്ട് കൺവെൻഷൻ സെന്റർ നിർമാണം തുടങ്ങിയത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ കൺവെൻഷൻ ഹാളിനുപുറമേ ഭക്ഷണപ്പുര, മിനി ഹോം തിയേറ്റർ എന്നിവയും നിർമിക്കാനായിരുന്നു പദ്ധതി. പഞ്ചായത്ത് ഒന്നര കോടി രൂപ ചെലവിട്ടാണ് സ്ഥലം വാങ്ങിയത്. കൺവെൻഷൻ യോഗങ്ങൾ, കല്യാണം, കലാപരിപാടികൾ എന്നിവ നടത്താൻ കഴിയുന്നതരത്തിലാണ് സെന്റർ രൂപകല്പന ചെയ്തത്.

നിർമാണപ്രവൃത്തികൾ എൺപത് ശതമാനത്തോളം പൂർത്തിയായി. കൺവെൻഷൻ സെന്ററിന് ചുറ്റുമതിലും വഴിയും ഇതുവരെ നിർമിച്ചിട്ടില്ല. ചുറ്റുമതിൽ നിർമിച്ച് കെട്ടിടത്തിന് ചുറ്റും വാഹനം കടന്നുചെല്ലാൻ കഴിയുന്നവിധം വഴിയും ഒരുക്കണം. എന്നാൽ, മാത്രമേ ഫയർ ആൻഡ് സേഫ്‌റ്റിയുടെ ലൈസൻസ് ലഭിക്കൂ. ചുറ്റുമുള്ള വഴിയും പ്രധാന റോഡും നിർമിക്കാൻ ഇനിയും സ്ഥലം ഏറ്റെടുക്കേണ്ടിവരും. എന്നാൽ, ഇതിനുള്ള ശ്രമം പഞ്ചായത്ത് നടത്തിയിട്ടില്ല.

പഞ്ചായത്തിന് കൈമാറുന്ന കെട്ടിടമായിട്ടുപോലും ഇതുവരെ പഞ്ചായത്ത് കെട്ടിടനമ്പർ നൽകിയിട്ടില്ല. ഇതുകാരണം വൈദ്യുത, കുടിവെള്ള കണക്ഷനുകൾ എടുക്കാൻ കഴിയുന്നില്ല. കൺവെൻഷൻ സെന്റർ തുറന്നാൽ പഞ്ചായത്തിന് വരുമാനം ലഭിക്കുമെന്നിരിക്കെ ഇതിന്റെ നിർമാണം പൂർത്തീകരിക്കാനായി പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

കൺവെൻഷൻ സെന്ററിന്റെ ലാൻഡ് സ്കേപ്പ് നിർമിക്കണം. മാത്രവുമല്ല, മുടങ്ങിക്കിടക്കുന്ന അവസാനഘട്ട നിർമാണപ്രവൃത്തികളും പുനഃരാരംഭിക്കണം. ആറ് മാസത്തിലേറെയായി നിർമാണം നിലച്ചതോടെ ഇതിനകം സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് കൺവെൻഷൻ സെന്റർ നിർമാണം അടിയന്തരമായി പുനഃരാരംഭിക്കണമെന്ന് തണൽവേദി ജനറൽ സെക്രട്ടറി എസ്. ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു.

കെട്ടിടനിർമാണം പൂർത്തിയാക്കും

കൺവെൻഷൻ സെന്ററിന്റെ കെട്ടിടനിർമാണം പൂർത്തീകരിക്കും. നിർമാണം പൂർത്തിയായാൽ കൺവെൻഷൻ സെന്റർ പഞ്ചായത്തിന് കൈമാറും. ഇതിനകത്തെ ഫർണിച്ചറുകൾ, പാത്രങ്ങൾ തുടങ്ങി മറ്റു സൗകര്യങ്ങളെല്ലാം പഞ്ചായത്താണ് ഒരുക്കേണ്ടത്.

സി.കെ. ഹരീന്ദ്രൻ എം.എൽ.എ.

പഞ്ചായത്ത് പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തും

കൺവെൻഷൻ സെന്റർ നിർമാണം പൂർത്തീകരിക്കാൻ എം.എൽ.എ. ഫണ്ടിൽനിന്നു 50 ലക്ഷം രൂപകൂടി അനുവദിക്കാൻ സി.കെ. ഹരീന്ദ്രൻ എം.എൽ.എ.യ്ക്ക് കത്ത് നൽകി. മാത്രവുമല്ല അടിസ്ഥാനസൗകര്യമൊരുക്കാൻ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കും.

ബിനിൽ മണലുവിള,

വൈസ് പ്രസിഡന്റ്,

പെരുങ്കടവിള പഞ്ചായത്ത്‌

Content Highlights: Construction of the Perumkadavila convention centre is halted due to a lack of access roads for fire safety clearance and pending panchayat approvals.