ഇടവാക്കുളം ഏലായിൽ കൊയ്ത്തുത്സവം

ഇടവ : ഒരു ദശാബ്ദത്തിനുശേഷം ഇടവാക്കുളം ഏല വീണ്ടും കതിരണിഞ്ഞു. ദീർഘകാലമായി തരിശായിക്കിടന്ന പാടത്ത്‌ നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടന്നു. തരിശുവയലുകൾ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഇടവ ഗ്രാമപ്പഞ്ചായത്തിന്റെ പ്രവർത്തനമാണ് വിജയംകണ്ടത്.

കൊയ്ത്തുത്സവം വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 10 വർഷത്തിലേറെയായി തരിശായിക്കിടന്ന 20 ഏക്കർ വരുന്ന ഇടവാക്കുളം പാടശേഖരമാണ് വിളവെടുപ്പിനു തയ്യാറായത്.

ഇടവ കാർഷിക കർമസേനയുടെയും ഓടയം പാടശേഖര സമിതിയുടെയും ഇടവാക്കുളം ഏലയിലെ കർഷകരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കൃഷിയിറക്കിയത്. പൂർണമായും ജൈവക്കൃഷി രീതിയാണ് നടപ്പാക്കിയത്. നൂറുമേനി വിളവെടുപ്പിനു പാടശേഖരത്തെ പ്രാപ്തമാക്കിയ കർഷകപ്രതിനിധികളെ എം.എൽ.എ. ആദരിച്ചു. കൊയ്ത്ത് കാണാൻ ഇടവ എം.ആർ.എം.കെ.എം.എം. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളും എത്തിയിരുന്നു. നെൽക്കൃഷിയും കൊയ്ത്തും കണ്ടിട്ടില്ലാത്ത വിദ്യാർഥികൾക്ക് കൊയ്ത്തുത്സവം പുതിയ അനുഭവമായി.

ഇടവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ, വൈസ് പ്രസിഡന്റ് പി.സി.ബാബു, പഞ്ചായത്തംഗങ്ങൾ, ഓടയം പാടശേഖരസമിതി സെക്രട്ടറി കെ.ശശിധരൻ, കൃഷി ഓഫീസർ ആർ.എസ്.അനശ്വര, കൃഷി അസിസ്റ്റന്റുമാരായ അനീഷ് എം.യേശുദാസൻ, നൂർനിസ, കാർഷിക വികസന സമിതി അംഗങ്ങൾ, കാർഷിക കർമസേന അംഗങ്ങൾ, പാടശേഖരസമിതി പ്രതിനിധികൾ തുടങ്ങിയവർ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.