പിരപ്പമൺകാട് കല്ലണയ്ക്കുമീതേ സുരക്ഷാവേലി

ആറ്റിങ്ങൽ : പിരപ്പമൺകാട് കല്ലണയ്ക്കുമുകളിൽ ഗ്രാമപ്പഞ്ചായത്ത് സുരക്ഷാവേലി നിർമിച്ചു. പഞ്ചായത്ത് ഉത്‌പാദനമേഖലയ്ക്കുവേണ്ടി നീക്കിവെച്ച തുകയിൽനിന്നും 1.5 ലക്ഷം രൂപ ചെലവിട്ടാണ് സ്റ്റീൽ വേലി നിർമിച്ചിട്ടുള്ളത്.
മാമം ആറ്റിൽ പിരപ്പമൺകാട് പാടശേഖരത്തിനു സമീപത്തായാണ് കല്ലണ നിർമിച്ചിട്ടുള്ളത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് ഈ അണ. പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കാൻവേണ്ടിയാണ് ഈ അണ നിർമിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേക സംവിധാനങ്ങൾ അണയിൽ ഒരുക്കിയിട്ടുണ്ട്.
കൂറ്റൻ പാറ കീറിയെടുത്ത് കൊരുത്തുകെട്ടി നിർമിച്ചിട്ടുള്ളതാണ് ഈ കല്ലണ. അണയിലെ ഏതാനും കല്ലുകൾക്ക് അടുത്തകാലത്ത് സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. ഇത് പഞ്ചായത്തിലെയും ചെറുകിട ജലസേചനവിഭാഗത്തിലെയും എൻജിനിയറിങ് വിഭാഗം പരിശോധിച്ചിരുന്നു.
പാടശേഖരം സന്ദർശിക്കുന്നവരെല്ലാം കല്ലണയും കാണാനെത്താറുണ്ട്. പ്രാചീനനിർമിതിയുടെ പ്രത്യേകതകൾ ആസ്വദിക്കുന്നതിനായാണ് ആളുകൾ ഇവിടെയെത്താറുള്ളത്.
കല്ലണയ്ക്കു മുകളിലൂടെ നടക്കുമ്പോൾ അപകടമുണ്ടാകാതിരിക്കാൻ ലക്ഷ്യമിട്ടാണ് സുരക്ഷാവേലി നിർമിച്ചിട്ടുള്ളത്.
സുരക്ഷയ്ക്കായുള്ള കരുതൽ. വി.ഷൈനി, മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ്
സ്‌കൂൾക്കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകൾ ദിവസവും കല്ലണ സന്ദർശിക്കുന്നുണ്ട്. കല്ലിനുമുകളിൽ വഴുക്കലുള്ള സമയത്ത് ഇതിന് മുകളിലൂടെ നടന്നാൽ അപകടമുണ്ടാകും. ഇതൊഴിവാക്കാനാണ് അണയ്ക്കുമുകളിൽ വേലി സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കിയത്.