പൈപ്പിടാൻ റോഡ്‌ വെട്ടിപ്പൊളിച്ചു; യാത്രാദുരിതം രൂക്ഷം

നഗരൂർ : കുടിവെള്ള പദ്ധതിക്കായി പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കാൻ വൈകുന്നു. ഇരുവശവും വെട്ടിപ്പൊളിച്ച റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു. വശങ്ങളിൽ ഇളകിക്കിടക്കുന്ന മെറ്റലും കുഴിയും യാത്രക്കാർക്ക് ഭീഷണിയാണ്‌. അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ അനങ്ങുന്നില്ല. നഗരൂർ-കാരേറ്റ് റോഡിനാണ് ഈ ദുർഗതി.

ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നിർമിച്ച റോഡാണ് പൈപ്പിടാനായി വെട്ടിപ്പൊളിച്ചത്. എട്ടുകിലോമീറ്റർ റോഡിൽ പൈപ്പിടീൽ പൂർത്തിയാക്കാൻ മൂന്നുവർഷമായിട്ടും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ജലഅതോറിറ്റിയുടെ തിരുവനന്തപുരം പ്രോജക്ട് ഡിവിഷന്റെ നേതൃത്വത്തിലാണ് ഇവിടെ പൈപ്പിടീലും അനുബന്ധ പണികളും നടക്കുന്നത്. കല്ലറയ്ക്കു സമീപം കുറ്റിമൂട്ടിലുള്ള സംഭരണിയെയും നെടുമ്പറമ്പ് നെല്ലിക്കുന്നുമലയിൽ നിർമിച്ചിട്ടുള്ള സംഭരണിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പൈപ്പ് ലൈനാണ് ഇതുവഴി കടന്നുപോകുന്നത്.

നീളുന്ന നവീകരണം

റോഡിൽ കുഴിയെടുക്കുന്നതും പൈപ്പ് സ്ഥാപിക്കുന്നതുമെല്ലാം യന്ത്രങ്ങളുപയോഗിച്ചാണ്. എട്ടുകിലോമീറ്റർ റോഡിൽ പൈപ്പ് സ്ഥാപിക്കുന്നത്‌ ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാമായിരുന്നു. എന്നാൽ, വർഷങ്ങൾ പൂർത്തിയായിട്ടില്ല. റോഡിൽ പലയിടത്തും ബോർഡും സ്ഥാപിച്ച് കുഴിയെടുത്ത് പണികൾ തുടരുകയാണ്. വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന പണിക്കാർ എന്തെങ്കിലും ചെയ്തിട്ട് മടങ്ങുന്നതാണ് പതിവ്‌. പൂർത്തിയാകുന്നതിനെക്കുറിച്ച്‌ ആർക്കും അറിയില്ല.

ആസൂത്രണവും ഉന്നതാധികൃതരുടെ ഇടപെടലും ഇല്ലാതെയാണ് പണികൾ നടക്കുന്നതെന്ന് തുടക്കംമുതലേ ആക്ഷേപം ഉയർന്നിരുന്നു. ജല അതോറിറ്റി അധികൃതർ സ്ഥലത്തെത്താറില്ലെന്ന് ആക്ഷേപമുണ്ട്. പൈപ്പിട്ട്‌ റോഡ് റീടാർചെയ്ത് പൂർവസ്ഥിതിയിലാക്കി പൊതുമരാമത്തുവകുപ്പിന് കൈമാറുമെന്നാണ് ജല അതോറിറ്റിയുടെ കരാർ. അതിനാൽ പൊതുമരാമത്തുവകുപ്പ് ഇടപെടുന്നില്ല.

ആലിന്റെമൂടുമുതൽ ഗണപതിയാംകോണംവരെയുള്ള ഭാഗം കഴിഞ്ഞ മാർച്ച് അവസാനം റീടാർ ചെയ്തു. ജല അതോറിറ്റിയുടെ എൻജിനിയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പണി നടക്കുന്നത്. ഗണപതിയാംകോണംമുതൽ കിണറ്റുമുക്കുവരെ റോഡിന്റെ പകുതിഭാഗം റീടാർ ചെയ്തിട്ടുണ്ട്. കിണറ്റുമുക്കിനു സമീപത്തെ വളവിന് തൊട്ടുമുന്നിലുള്ള ഭാഗം ടാർചെയ്തതിന്റെ അടുത്തദിവസം പൈപ്പിടാനായി മുറിച്ചു. ഈ കുഴി പിന്നീട് കോൺക്രീറ്റിട്ട് മൂടി.

വാഹനങ്ങൾക്ക്‌ ഭീഷണി

കുഴിയെടുത്ത ഭാഗം മണ്ണിട്ടുമൂടിയശേഷം മെറ്റൽ നിരത്തിയിരുന്നു. ഈ മെറ്റലെല്ലാം ഇളകിക്കിടക്കുകയാണ്. ഒരു വാഹനം വന്നാൽ ഒഴിയാൻ ഇടമില്ലാത്ത നിലയിലാണിപ്പോൾ റോഡ്. ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റൽ ഇളകിത്തെറിക്കുന്നതും ഭീഷണിയാണ്‌. അടിയന്തര ഇടപെടലുണ്ടായി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.