തെന്നൂർ-ചെറ്റച്ചൽ റോഡിൽ പൊട്ടിപ്പൊളിയാൻ ഇനി ബാക്കിയില്ല

പെരിങ്ങമ്മല : പെരിങ്ങമ്മല-വിതുര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എളുപ്പമുള്ള പാതയായ തെന്നൂർ-ചെറ്റച്ചൽ റോഡ് തകർന്നു. കുണ്ടുംകുഴിയും വെള്ളക്കെട്ടും നിറഞ്ഞ റോഡ് തകരാൻ ഇനി ബാക്കിയില്ല. ഏഴുവർഷം മുൻപ് ടാർ ചെയ്ത് പാർശ്വഭിത്തികളും ഓടകളും നിർമിച്ച റോഡിനാണ് ഈ ഗതികേട്.

ഒരുവർഷം മുൻപ് മലയോര ഹൈവേ നിർമാണത്തിനായി വലിയ ലോറികളും യന്ത്രങ്ങളും ഈ റോഡിലൂടെ തലങ്ങും വിലങ്ങും ഓടിയതോടെയാണ് റോഡ് തകർന്നതെന്ന് നാട്ടുകാർ പറയുന്നു. മലയോര ഹൈവേ നിർമാണം പൂർത്തിയായപ്പോൾ തെന്നൂർ-ചെറ്റച്ചൽ റോഡ് പാടേ തകർന്നു. പോസ്റ്റ്‌ ഓഫീസ്, സ്‌കൂൾ, സൂര്യകാന്തി, സൂര്യകാന്തിപ്പാലം, ചെറ്റച്ചൽ സ്‌കൂൾ ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം കുഴികൾ രൂപപ്പെട്ടു.

സൂര്യകാന്തിയിൽ റോഡിന് ഇരുവശത്തും വെള്ളക്കെട്ടാണ്‌. മഴവെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ വഴിയറിയാതെ ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നത്‌ പതിവാണ്.

കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് പ്രതിദിനം ഇതുവഴി കടന്നുപോകുന്നത്. ഇക്ബാൽ കോളേജ്, വിദ്യാഭ്യാസസ്ഥാപനങ്ങൾ ആശുപത്രികൾ, മറ്റ് സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം പോകുന്നവർ ദുരിതമനുഭവിക്കുകയാണ്. റോഡ് അടിയന്തരമായി അപാകതകൾ പരിഹരിച്ച് ടാർചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.