എസ്.എൻ. ജങ്ഷൻ പാവയിൽക്കട റോഡ് പൊട്ടിപ്പൊളിഞ്ഞ് വെള്ളക്കെട്ടായി

ചിറയിൻകീഴ് : മുടപുരം എസ്.എൻ. ജങ്ഷൻ പാവയിൽക്കട റോഡ് പൊട്ടിപ്പൊളിഞ്ഞ് വെള്ളക്കെട്ടായി. ടാറും മെറ്റലുമിളകി തകർന്നുകിടക്കുന്ന റോഡ് ടാർ ചെയ്ത് നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മഴപെയ്താൽ കുഴികളിൽ വെള്ളം കെട്ടിനിന്ന് റോഡിൽ വെള്ളക്കെട്ടാകുന്നു. കിഴുവിലം ഗ്രാമപ്പഞ്ചായത്തിലെ 12, 13 വാർഡുകളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്.

ചെറുവള്ളിമുക്ക്-ആയുർവേദാശുപത്രി റോഡായ പി.ടി.പി. റോഡിലെ പാവയിൽക്കട ജങ്ഷനിൽ നിന്നാരംഭിച്ച് കോരാണി-ചിറയിൻകീഴ് റോഡിലെ എസ്.എൻ. ജങ്ഷനിൽ ചേരുന്ന പ്രധാനപ്പെട്ട റോഡാണിത്. ഊരൂട്ടുമണ്ഡപം തമ്പുരാൻക്ഷേത്രം, തെന്നൂർക്കോണം ജങ്ഷനിലെ വി.ഇ.ഒ. ഓഫീസ്, തെന്നൂർക്കോണം ഉൗര്‌ എന്നിവയ്ക്ക് മുന്നിലൂടെയാണ് റോഡ് കടന്നുപോകുന്നത്.

കിഴുവിലം യു.പി. സ്‌കൂൾ, പോസ്റ്റോഫീസ്, പറയത്തുകോണം കുളം മുതലായ ഇടങ്ങളിലേക്ക് പോകാനും മുടപുരത്തുനിന്ന്‌ മാമംവഴി ദേശീയപാതയിലെത്താനുള്ള എളുപ്പവഴിയും ഈ റോഡാണ്.

നൂറുകണക്കിനു പ്രദേശവാസികളും മറ്റു യാത്രക്കാരും ഗതാഗതത്തിനായി റോഡിനെ ആശ്രയിക്കുന്നു. നിരവധി സ്‌കൂൾ ബസുകളും റോഡിലൂടെ പോകുന്നുണ്ട്. വർഷങ്ങൾക്കുമുൻപാണ് ഈ റോഡ് ടാർ ചെയ്തത്.

കാലപ്പഴക്കംകൊണ്ട് റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടുതന്നെ വർഷങ്ങളായി.

ടാറും മെറ്റലുമിളകി ഗട്ടറുകൾ രൂപംകൊണ്ടിട്ട് നാളേറെയായി. മഴപെയ്താൽ സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കാൽനട അസാധ്യമാണ്. ഇരുചക്രവാഹനങ്ങൾ നിരന്തരം ഈ റോഡിൽ അപകടത്തിൽപ്പെടുന്നു. അതിനാൽ അടിയന്തരമായി റോഡ് റീടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.