വിതുര പോലീസ്-ഫയർ സ്റ്റേഷൻ റോഡ് നവീകരണം എന്ന് ?

വിതുര : ജില്ലാപ്പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നവീകരിക്കാൻ തീരുമാനിച്ച റോഡിന്റെ നിർമാണോദ്ഘാടനം നടന്നത് ആറുവർഷം മുൻപ്. പ്രാഥമിക നടപടികൾപോലുമാകാത്തതിനാൽ ദുരിതത്തിലായത് അവശ്യസേവന വിഭാഗങ്ങളായ പോലീസും ഫയർഫോഴ്സും.
വിതുര പോലീസ്-ഫയർ സ്റ്റേഷനുകളിലേക്കുള്ള റോഡിനാണ് ഈ ദുരവസ്ഥ. പൊന്മുടിപ്പാതയിൽനിന്ന് സ്റ്റേഷനുകളിലേക്കു തിരിയുന്ന റോഡിലെ ചല്ലിയും ടാറും ഇളകിമാറിയിട്ട് വർഷങ്ങളായി.
നവീകരണത്തിനായി കഴിഞ്ഞ ജില്ലാപ്പഞ്ചായത്ത് ഭരണസമിതി ഫണ്ട് അനുവദിച്ചിരുന്നു. 2020-ൽ നിർമാണോദ്ഘാടനവും നടന്നു.
എന്നാൽ സ്ഥാപിച്ച ഫലകം മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. മാറിവന്ന പഞ്ചായത്ത് ഭരണസമിതികൾ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. ജില്ലാപ്പഞ്ചായത്ത് ഫണ്ടിനെക്കുറിച്ച് വ്യക്തമാക്കാനും അവർ തയ്യാറായില്ല. ഇതിനെതിരേ മൂന്നുവർഷംമുൻപ് പ്രതിപക്ഷം പഞ്ചായത്തുപടിക്കൽ സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വർഷങ്ങളായി അറ്റകുറ്റപ്പണിപോലും ചെയ്യാത്തതാണ് റോഡിന്റെ ശോച്യാവസ്ഥയ്ക്കു കാരണമായത്.
പോലീസ് സ്റ്റേഷനിലേക്കും ക്വാർട്ടേഴ്സിലേക്കുമായി നേരത്തേ രണ്ടുവഴികൾ ഉണ്ടായിരുന്നത് പിന്നീട് ഒറ്റ റോഡായി മാറി. ഏറെനാളത്തെ ആവശ്യമായിരുന്ന അഗ്നിരക്ഷാവിഭാഗത്തിനായി സ്‌റ്റേഷൻ വളപ്പിൽത്തന്നെ സ്ഥലം അനുവദിച്ചതോടെ റോഡിന്റെ പ്രാധാന്യവും കൂടി. റോഡിന്റെ ദുരവസ്ഥമൂലം അടിയന്തര ഘട്ടങ്ങളിൽ അഗ്നിരക്ഷാസേനാ വാഹനങ്ങളിറക്കാൻ ഏറെ പണിപ്പെടണം. പോലീസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.