പള്ളിപ്പുറം ഏലായിൽ പൊന്നുവിളയിച്ച് കർഷകർ

കൊയ്ത്തുത്സവം ഇന്ന് മന്ത്രി ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്യും

പോത്തൻകോട് : വർഷങ്ങളോളം തരിശായിക്കിടന്ന അണ്ടൂർക്കോണം പഞ്ചായത്തിലെ പള്ളിപ്പുറം ഏലായിൽ പൊന്നുവിളയിച്ച് കർഷകർ. തരിശായിക്കിടന്ന 125 ഏക്കർ പാടശേഖരത്തിൽ അണ്ടൂർക്കോണം പഞ്ചായത്തും കൃഷിഭവനും പാടശേഖര സമിതിയും ചേർന്നാണ് കൃഷി നടത്തിയത്. ഈ വർഷം ജൂൺ മാസത്തിലാണ് വിത്ത് വിതച്ചത്. 120 ദിവസത്തെ പൂർണവളർച്ചയ്ക്ക് ശേഷമാണ് കൊയ്ത്തിന് പാകമായത്. കൊയ്ത്തുത്സവം വ്യാഴാഴ്ച രാവിലെ 9-ന് മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.

അണ്ടൂർക്കോണം ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവൻ, പാടശേഖര സമിതി എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പുനർജനി പദ്ധതിയിലൂടെയാണ് പാടശേഖരത്തിന് പുതുജീവൻ ലഭ്യമായത്. നൂറോളം കർഷകരുടെ പാട്ടത്തിനെടുത്ത പാടങ്ങളിലാണ് കൃഷി ഇറക്കിയത്. തരിശുകിടന്ന ഭൂമി കൃഷിയോഗ്യമാക്കുന്നതിന് 6.80 ലക്ഷം രൂപയും, നെൽവിത്ത് വാങ്ങുന്നതിന് മൂന്നുലക്ഷം രൂപയും കൃഷിഭവൻ തയ്യാറാക്കിയ പദ്ധതി മുഖാന്തരം കർഷകർക്ക് നൽകി. 35 ഏക്കറിൽ പള്ളിപ്പുറം പാടശേഖര സമിതിയിലെ കർഷകരും 90 ഏക്കറിൽ കുട്ടനാട്ടിലെ കർഷക കൂട്ടായ്മയിലെ കൃഷിക്കാരുമാണ് കൃഷിയിറക്കിയത്.

കാട്ടുപന്നികളും സ്വകാര്യവ്യക്തികളുടെ പോത്തുകളും കർഷകർക്ക് ഭീഷണിയായി മാറുന്നുണ്ട്. ഒരാഴ്ച മുമ്പ് ഒന്നര ഏക്കറിലെ നെൽക്കൃഷി കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. കൃഷിഭൂമിയിൽ സമീപവാസികൾ പോത്തുകളെ കെട്ടി കൃഷി നശിപ്പിച്ചതും കർഷകർക്ക് വെല്ലുവിളിയായി.

മുൻ വർഷങ്ങളിൽ നൂറേക്കർ ഭൂമിയിൽ വരെ കൃഷിനാശം സംഭവിച്ചിട്ട് യാതൊരു ധനസഹായവും ലഭിക്കാത്തതിനാലാണ് കർഷകർ നെൽക്കൃഷി ഉപേക്ഷിച്ചത്. പാടശേഖരത്തിൽ കൈയേറ്റവും രൂക്ഷമാണ്. പാടശേഖരത്തിനു ചുറ്റും അനധികൃതമായ കൈയേറ്റവും നിർമാണവും നെൽക്കർഷകരുടെ ദുരിതത്തിന് കാരണമായി.

കാലങ്ങളായി കൃഷി ചെയ്തിരുന്നവർ കടക്കെണിയിൽപ്പെട്ട് കൃഷി ഉപേക്ഷിച്ചു. പാടശേഖരത്തിനു ചുറ്റുമുള്ള അനധികൃത നിർമാണം കാരണം മഴവെള്ളം ഒഴുകി പോകാതെ പാടശേഖരത്തിൽ കെട്ടിക്കിടക്കുന്നതും മട പൊട്ടുന്നതും കാരണം കൃഷി നശിച്ചിരുന്നു. മുൻ വർഷങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് ചതുപ്പായ പ്രദേശത്ത് കൊയ്ത്തുയന്ത്രം താഴ്ന്നു പോയതും, നെല്ല് കൊയ്യാൻ ആളെ കിട്ടാതെ വന്നതും കർഷകർക്ക് തിരിച്ചടിയായിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് കർഷകർ വീണ്ടും പള്ളിപ്പുറം ഏലായെ പൊന്നണിയിച്ചത്. കൊയ്ത്തുത്സവം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണവർ.

കർഷകരുടെ ആശങ്കകൾ ഒഴിവാക്കി

തരിശായികിടന്ന കൃഷിഭൂമിയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യാൻ കഴിഞ്ഞു. പുതിയ പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നതോടെ കർഷകരുടെ ആശങ്കകൾ ഒഴിവാക്കി. വരുംകാലങ്ങളിൽ ഭരണസമിതി പൂർണമായും കാർഷിക അഭിവൃദ്ധിക്കായുള്ള പ്രവർത്തനങ്ങൾ നടത്തും

ആർ.അർച്ചന,

പഞ്ചായത്ത് പ്രസിഡന്റ്,

അണ്ടൂർക്കോണം

നെൽക്കൃഷി വർഷങ്ങൾക്കുശേഷം

വർഷങ്ങൾക്കുശേഷമാണ് പള്ളിപ്പുറം പാടശേഖരത്തിൽ കൃഷി പുനരാരംഭിച്ചത്. 50 വർഷമായി കാർഷിക മേഖലയാണ് ഉപജീവന മാർഗം. പാട്ടത്തിനെടുത്ത അഞ്ചേക്കർ കൃഷിഭൂമിയിൽ നെൽക്കൃഷി ചെയ്യുന്നുണ്ട്.

ശങ്കരൻനായർ,

കർഷകൻ

പുനർജനി പദ്ധതി

ശ്രേയസ് ഇനത്തിൽപ്പെട്ട നെൽവിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. 120 ദിവസം കൊണ്ട് പൂർണ വളർച്ചയെത്തുന്ന വിത്തിനമാണിത്. തരിശുകിടന്ന കൃഷിഭൂമിയിൽ പുനർജനി പദ്ധതിയിലൂടെ പുതുജീവൻ നൽകാൻ കഴിഞ്ഞു

എസ്.റോഷ്‌ന,

കൃഷി ഓഫീസർ,

അണ്ടൂർക്കോണം പഞ്ചായത്ത്