സെക്രട്ടേറിയറ്റ് സമരം: പോലീസ് അതിക്രമത്തിനെതിരേ എസ്.എഫ്.ഐ.യുടെ പരാതി

ചികിത്സയിലുള്ള സഞ്ജീവിനെ സന്ദർശിച്ച് പിണറായി

തിരുവനന്തപുരം : സർവകലാശാലയ്ക്കും സെക്രട്ടേറിയറ്റിന് മുന്നിലും നടന്ന സമരങ്ങളിൽ വിദ്യാർഥികളെ മർദിച്ച പോലീസ് നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്.എഫ്.ഐ. ജില്ലാകമ്മിറ്റി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നൽകി.

സമരത്തിനെത്തിയവരെ പോലീസ് ആക്രമിച്ചതിനെപ്പറ്റിയും വിദ്യാർഥികൾക്കെതിരെ വധശ്രമം പോലുള്ള ഗുരുതരവകുപ്പുകൾ ചുമത്തിയതിനെപ്പറ്റിയും അന്വേഷിക്കണമെന്നാണ് പരാതി.

സമരത്തിനിടെ പരിക്കേറ്റ എസ്.എഫ്.ഐ. സംസ്ഥാനസെക്രട്ടറി പി.എസ്. സഞ്ജീവിനെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആശുപത്രിയിൽ സന്ദർശിച്ചു.

വിദ്യാർഥിപ്രക്ഷോഭങ്ങളെ പോലീസ് രാജിലൂടെ നേരിടാനാണ് യു.ഡി.എഫ്. ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ബുധനാഴ്ച സെക്രട്ടേറിയറ്റിലേക്ക് എസ്.എഫ്.ഐ. നടത്തിയ സമരത്തിൽ സംഘർഷമുണ്ടായിരുന്നു. എ.സി.പി. ജയചന്ദ്രനെ വിദ്യാർഥികൾ സമരത്തിനിടെ കൈയേറ്റം ചെയ്തിരുന്നു. 230 പേർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. സമരത്തെ തുടർന്ന് ബുധനാഴ്ച രാത്രിയിൽ പോലീസ് വീട്ടിൽക്കയറി അറസ്റ്റ് ചെയ്ത എസ്.എഫ്.ഐ. പ്രവർത്തകൻ മനേഷിനെ റിമാൻഡ് ചെയ്തു.

രണ്ടുപേരെക്കൂടി അറസ്റ്റു ചെയ്തു

:എസ്.എഫ്.ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു. സംഘർഷത്തിൽ പരിക്കേറ്റ സംസ്ഥാനസെക്രട്ടറി പി.എസ്. സഞ്ജീവിന്റെ കൂടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ടിരുന്നവരെയാണ് അറസ്റ്റ് ചെയ്തത്. എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എസ്.കെ. ആദർശ്, ടോണി കുര്യാക്കോസ് എന്നിവരെ ആശുപത്രിയിൽ കയറിയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി എസ്.എഫ്.ഐ. പ്രവർത്തകന്റെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വീണ്ടും കൂടുതൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത്.