കല്ലമ്പലത്ത് കിണറ്റിനുള്ളിൽ അഗ്നിബാധ മൂന്നുപേർക്ക് പൊള്ളലേറ്റു

പെട്രോൾ പമ്പിനോടുചേർന്നുള്ള കിണർ വൃത്തിയാക്കുന്നതിനിടെ അപകടം

കല്ലമ്പലം : കല്ലമ്പലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ കിണറ്റിനുള്ളിൽ അഗ്നിബാധയുണ്ടായി മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. കല്ലമ്പലം സ്വദേശികളായ സുനു, വിനീത്, ഉണ്ണി എന്ന രാകേഷ് എന്നിവർക്കാണ് പൊള്ളലേറ്റത്.

തലയിലും മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ വിനീതിനെയും ഉണ്ണിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇടതുകൈയിലും മുതുകിലും പൊള്ളലേറ്റ സുനു ആറ്റിങ്ങൽ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം.

കല്ലമ്പലം ദേശീയപാതയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിനോടു ചേർന്നുള്ള ഇരുനിലക്കെട്ടിടത്തിന്റെ അടിഭാഗത്തായി സ്ഥിതിചെയ്യുന്ന കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

പമ്പ് മാനേജർ കിണർ വൃത്തിയാക്കണമെന്ന് അറിയിച്ചതിനെത്തുടർന്ന് കിണർജോലികൾ ചെയ്യുന്ന തൊഴിലാളികളായ സുനുവും വിനീതും സ്ഥലത്തെത്തി. കിണറ്റിൽനിന്നു വെള്ളം പമ്പുചെയ്ത് പുറത്തുകളഞ്ഞശേഷം കിണറ്റിനുള്ളിൽ ഓക്സിജന്റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ബക്കറ്റിൽ മെഴുകുതിരി കത്തിച്ച് താഴേക്ക് ഇറക്കിയതായിരുന്നു.

ബക്കറ്റ് ഏകദേശം അഞ്ച് തൊടി താഴെയെത്തിയപ്പോഴേക്കും പൊടുന്നനെ അഗ്നിബാധയുണ്ടാകുകയും തീ മുകളിലേക്ക് ആളിപ്പടർന്നു.

കിണർ ഇരുനിലക്കെട്ടിടത്തിന്റെ അടിഭാഗത്തായതിനാൽ തീ മുകളിലേക്ക് ഉയരുന്നതിനുപകരം നാലുവശങ്ങളിലേക്കും പടർന്നത്‌ അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

കിണറിനുള്ളിൽ പെട്രോളിന്റെയോ മറ്റു ജ്വലനശേഷിയുള്ള വസ്തുക്കളുടെയോ സാന്നിധ്യമുണ്ടായിരുന്നോയെന്നും സമീപത്തെ പെട്രോൾ പമ്പിൽനിന്ന് ഏതെങ്കിലും തരത്തിൽ ഇന്ധനം കിണറ്റിലേക്ക് എത്തിയിട്ടുണ്ടോയെന്നും അന്വേഷണത്തിലൂടെയേ വ്യക്തമാകൂ.