ചിലക്കൂർ-തൊട്ടിപ്പാലം റോഡ് തകർച്ചയിൽ

വർക്കല : ദേശീയ ജലപാതയോട് ചേർന്നുള്ള ചിലക്കൂർ- തൊട്ടിപ്പാലം റോഡ് തകർന്ന നിലയിൽ. ചിലക്കൂർ ചിറ മുതൽ തൊട്ടിപ്പാലം വരെയുള്ള ഭാഗമാണ് പൊട്ടിപ്പൊളിഞ്ഞത്.

ടി.എസ്. കനാലിലെ ഡ്രഡ്ജിങ്ങിനിടെ മുമ്പ് തകരുകയും പിന്നീട് നന്നാക്കുകയും ചെയ്ത റോഡാണ് വീണ്ടും തകർച്ച നേരിടുന്നത്. റോഡിൽ രണ്ടിടത്തായി വലിയ കുഴികളായിട്ടുണ്ട്. മഴ പെയ്തതോടെ ചെളിക്കെട്ടുമായി. റോഡിന്റെ ഒരുവശത്ത് കുഴിയായതോടെ വീതിക്കുറവുള്ള റോഡിൽ യാത്രദുരിതമായി മാറി. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.

വിനോദസഞ്ചാരികളും മത്സ്യത്തൊഴിലാളികളും സ്ഥിരമായി ഉപയോഗിക്കുന്ന റോഡാണിത്. സ്‌കൂൾ വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. കടൽത്തീരത്തേക്ക് പുലർച്ചെ പോകുന്നവരും ഈ വഴിയാണ് ഉപയോഗിക്കുന്നത്.

ഗൂഗിൾ മാപ്പ് നോക്കിയും മറ്റും ഇതുവഴിയെത്തുന്ന സഞ്ചാരികളും അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. ചെറിയതുരപ്പും വള്ളക്കടവ് ബീച്ചും കാണാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഒരുവശത്ത് ചിറയും മറുവശത്ത് ടി.എസ്. കനാലുമാണ്. അതിനാൽ തകർന്ന റോഡിലൂടെയുള്ള രാത്രിയാത്ര അപകടം ക്ഷണിച്ചുവരുത്തും.

മൂന്നുവർഷം മുമ്പ് ഡ്രഡ്ജിങ്ങിനിടെ ചിലക്കൂർ തൊട്ടിപ്പാലത്തിന് സമീപം കനാലിനോട് ചേർന്ന് റോഡിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുവീണിരുന്നു. ഇതിന് സമീപം റോഡിന്റെ പലഭാഗത്തും വിള്ളൽ വീഴുകയും ചെയ്തിരുന്നു. റോഡിന്റെ മുക്കാൽ ഭാഗത്തോളം ഇടിഞ്ഞുതാഴ്ന്നിരുന്നു.

തകർച്ചയുണ്ടായ ഭാഗത്ത് മണൽച്ചാക്കുകൾ അടുക്കിയും തെങ്ങിൻകുറ്റികളടിച്ചുമാണ് ബലപ്പെടുത്തിയത്.

ആ റോഡാണ് രണ്ടുവർഷം കഴിയുമ്പോൾ വീണ്ടും തകരുന്നത്. റോഡ് എത്രയും വേഗം നവീകരിക്കണമെന്ന് പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും ആവശ്യപ്പെടുന്നു.