അയിരൂർ-കല്ലുവിളാകം റോഡ് തകർച്ചയിൽ

ഇലകമൺ : ഗ്രാമപ്പഞ്ചായത്തിലെ കല്ലുവിളാകം റോഡ് വർഷങ്ങളായി തകർച്ചയിൽ. അയിരൂർ-പാരിപ്പള്ളി റോഡിനെയും അയിരൂർ-ഊന്നിൻമൂട് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഇടറോഡാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. ഇലകമൺ-വില്ലിക്കടവ് വാർഡിലാണ് ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള പഞ്ചായത്ത് റോഡുള്ളത്. അഞ്ചുമൂർത്തി ക്ഷേത്രത്തിന് സമീപത്തുനിന്ന്‌ ആരംഭിക്കുന്ന റോഡ് അയിരൂർ പോലീസ് സ്‌റ്റേഷന്റെ സമീപത്താണ് പ്രധാന റോഡിൽ ചേരുന്നത്. റോഡിന്റെ മിക്ക ഭാഗങ്ങളും തകർന്നിട്ടുണ്ട്.

പ്രദേശത്തെ അൻപതോളം കുടുംബങ്ങൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡിൽ നിറയെ കുഴികളാണ്. ടാറിന്റെ ഭാഗം പലയിടത്തുമില്ല. മഴക്കാലമായതോടെ റോഡിൽ വെള്ളക്കെട്ടായി. വീതികുറഞ്ഞ റോഡിൽ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും വളരെയധികം ബുദ്ധിമുട്ടുന്നു. ഇലകമൺ ഭാഗത്തുനിന്നു വരുന്നവർക്കും അയിരൂർ ജങ്ഷനിലെത്താതെ പാരിപ്പള്ളി റോഡിലേക്ക് കടക്കാൻ കഴിയുന്ന റോഡാണിത്. അതിനാൽ നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. എന്നിട്ടും റോഡ് നവീകരിക്കാൻ നടപടിയുണ്ടാകുന്നില്ല.

പ്രധാന റോഡിൽനിന്നു കല്ലുവിളാകം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഓടയ്ക്ക് മുകളിൽ സ്ലാബില്ലാത്തത് അപകടങ്ങൾക്കും കാരണമാകുന്നു. റോഡിലേക്ക്

പ്രവേശിക്കുമ്പോൾ മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കേണ്ടിവരുമ്പോഴാണ് ഇരുചക്രവാഹനങ്ങൾ ഓടയിൽ വീഴുന്നത്. അടുത്തിടെ സ്‌കൂട്ടർ യാത്രക്കാരിക്ക്‌ ഇത്തരത്തിൽ അപകടത്തിൽപ്പെട്ട് പരിക്കേറ്റിരുന്നു. രാത്രിയിൽ അപകടസാധ്യത ഇരട്ടിയാണ്. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും ഓടയിൽ വീഴാനുള്ള സാധ്യതയുണ്ട്.

റോഡ് സഞ്ചാരയോഗ്യമാക്കാത്തതിലും ഓടയ്ക്ക് മേൽമൂടി സ്ഥാപിക്കാത്തതിലും നാട്ടുകാർക്കും യാത്രക്കാർക്കും വലിയ പ്രതിഷേധമുണ്ട്. അതിനാൽ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.