കോൺക്രീറ്റ് പാളികൾ ഇളകിവീഴുന്നു; കോവിലുവിള പാലം ജീർണാവസ്ഥയിൽ

മണവാരി : വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം കുലുങ്ങും. ഒപ്പം പാലത്തിന് അടിവശത്തെ കോൺക്രീറ്റ് പാളികൾ ഇളകിവീഴും. കൈവരികളിലെ കമ്പികളാകെ തുരുമ്പെടുത്ത് പുറത്തുകാണാവുന്ന സ്ഥിതിയിലും. എന്നിട്ടും കോവിലുവിള പാലത്തിന്റെ ജീർണാവസ്ഥ കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ.
കുന്നത്തുകാൽ-ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണവാരി-തുടലി റോഡിൽ കോവിലുവിള ക്ഷേത്രത്തിനു സമീപത്തെ തോടിനു കുറുകേയുള്ള പാലമാണ് ശോച്യാവസ്ഥയിലുള്ളത്.
മീനംചിറയിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം പാലത്തിനടിയിലുള്ള തോട്ടിലൂടെയെത്തി ആര്യങ്കോട് മുന്നാറ്റിൻമുക്കിൽവെച്ച് നെയ്യാറിലേക്കു ചേരുന്നു. മഴക്കാലത്ത് പാലത്തിനു താഴെയുള്ള തോട്ടിലെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ട് പാലത്തിന്റെ കരിങ്കൽ പാർശ്വഭിത്തിയുടെ അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയിട്ടുണ്ട്.
ഭാരംകയറ്റിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന്റെ അടിഭാഗത്ത് പ്രകമ്പനം ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. കൂടാതെ ടിപ്പർലോറികൾ തട്ടി പാലത്തിന്റെ കൈവരികൾക്കും നാശമുണ്ടായിട്ടുണ്ട്. സ്‌കൂൾ ബസുകളും കെ.എസ്.ആർ.ടി.സി. ബസുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ദിവസേന ഇതുവഴി കടന്നുപോകുന്നുണ്ട്. പാലത്തിന്റെ ശോച്യാവസ്ഥ കാരണം യാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. മലയോരത്തെ പ്രധാന ഇടറോഡുകളിൽ ഒന്നാണിത്. കൂടാതെ പുരാതനമായ കോവിലുവിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്. പാലത്തിനു മുകളിലൂടെ കടന്നുപോകുന്ന റോഡ് ഒരുവർഷം മുൻപ് ടാറിങ് നടത്തിയിരുന്നു. എന്നാൽ, പലയിടത്തും കുഴികൾ രൂപപ്പെട്ടു. പരാതികൾക്കൊടുവിൽ കുഴികളിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ടാർ ഇളകിമാറുന്നത് തുടരുകയാണ്. ഇടയ്ക്കിടെ ജലവിതരണക്കുഴലുകൾ പൊട്ടിയും റോഡിനു കേടുപാടുകൾ സംഭവിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.