കുളത്തുമ്മൽ തോട്ടിലേക്ക് ഹോട്ടലിൽനിന്നുള്ള ശൗചാലയമാലിന്യം ഒഴുക്കുന്നു

കാട്ടാക്കട : പട്ടണത്തിലൂ​െടയൊഴുകുന്ന കുളത്തുമ്മൽ തോട്ടിൽ ശൗചാലയമാലിന്യം ഉൾപ്പെടെ ഒഴുക്കുന്നതായി പരാതി ഉയർന്നിട്ടും പഞ്ചായത്തോ ആരോഗ്യവകുപ്പോ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം.

പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ കുളത്തുമ്മൽ തോട്ടിൽ പ്രധാന റോഡിൽ ഒരു മാസത്തോളമായി പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്നു ശൗചാലയമാലിന്യം ഉൾപ്പെടെ ഒഴുക്കുന്നതായാണ് പരാതി.

ഹോട്ടലിൽനിന്നു രാത്രി പലതവണയായി മാലിന്യം ഓടയിലേക്ക് തുറന്നുവിടുന്നു. ഈ ഓട വന്നുചേരുന്നത് കുളത്തുമ്മൽ തോട്ടിലാണ്. മാലിന്യം തുറന്നുവിട്ടശേഷം പിന്നാലെ വെള്ളവും ഒഴുക്കുന്നതോടെ ഇതു തോട്ടിലെ വിവിധ സ്ഥലങ്ങളിലായി കെട്ടിക്കിടക്കുന്നു. തോടിനു സമീപത്തായി നിരവധി കുടുംബങ്ങൾ കഴിയുന്നു. തോടിനോടുചേർന്നാണ് പലയിടത്തും കിണർ സ്ഥിതിചെയ്യുന്നത്.

കക്കൂസ് മാലിന്യം ഉൾപ്പെടെ ഇങ്ങനെ തോട്ടിൽ കെട്ടിനിൽക്കുന്നതിനാൽ കിണറിലെ വെള്ളം മലിനമായി തുടരുന്നതായി സ്ഥലവാസിയായ മുരളീധരൻനായർ പറഞ്ഞു. മാലിന്യം പതിവായി കെട്ടിക്കിടന്ന് കിണറിലെ വെള്ളത്തിനു ദുർഗന്ധമുണ്ട്. പഞ്ചായത്തിനും ആരോഗ്യവകുപ്പിനും ഇതുസംബന്ധിച്ച് പലതവണ പരാതി നൽകി.

പരാതി കിട്ടുമ്പോൾ അധികൃതർ സ്ഥലത്തുവന്ന് പരിശോധിച്ചു മടങ്ങുന്നതല്ലാതെ ഹോട്ടലിൽനിന്നുള്ള മാലിന്യം ഒഴുക്കുന്നത് തടയുന്നില്ല. മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്താതെ ഹോട്ടലിനു പഞ്ചായത്ത് എന്തടിസ്ഥാനത്തിൽ പ്രവർത്തനാനുമതി നൽകിയെന്ന് അന്വേഷിക്കണമെന്നും മുരളീധരൻനായർ ആവശ്യപ്പെടുന്നു. സ്ഥിരമായി മാലിന്യം കെട്ടിനിന്ന് തോടിന്റെ ഒഴുക്ക് പലയിടത്തും തടസ്സപ്പെട്ടനിലയിലാണ്. വെള്ളവും മാലിന്യവും കെട്ടിക്കിടന്ന് പരിസരമാകെ അസഹ്യമായ ദുർഗന്ധമാണ്. തോട്ടിലേക്കുള്ള മാലിന്യം ഒഴുക്കുതടയാനും, തോട് വൃത്തിയാക്കാനും പഞ്ചായത്ത് ഇടപെട്ടില്ലെങ്കിൽ താമസക്കാരെ സംഘടിപ്പിച്ച് പഞ്ചായത്ത് ഓഫീസിനുമുന്നിൽ സമരം ആരംഭിക്കുമെന്നും മുരളീധരൻനായർ പറഞ്ഞു.