അലയത്താഴയിൽ റോഡ് കുഴിച്ചു രണ്ടാഴ്ച കഴിഞ്ഞിട്ടും മൂടുന്നില്ല

അഴിക്കോട് : കരകുളം അലയത്താഴ റോഡിൽ പൈപ്പ് പൊട്ടിയത് ശരിയാക്കുന്നതിനുവേണ്ടി എടുത്ത കുഴി രണ്ടാഴ്ച കഴിഞ്ഞിട്ടും മൂടാത്തത് നാട്ടുകാർക്ക് ഭീഷണിയായി.
കരകുളം കെൽട്രോൺ ജങ്ഷനിൽനിന്നു ലോകാ മെഡിസിറ്റി വഴി അലയത്താഴയ്ക്ക് പോകുന്ന റോഡിൽ അയണിക്കാട് ഭദ്രകാളി ക്ഷേത്രക്കടവിന് മുന്നിലെ റോഡാണ് പൊട്ടിയ പൈപ്പ് ശരിയാക്കുന്നതിനുവേണ്ടി വാട്ടർ അതോറിറ്റി അധികൃതർ കുഴിച്ചത്.
പണി കഴിഞ്ഞശേഷം കുഴിയുടെ വശങ്ങളിൽ ചുവന്ന റിബൺകൊണ്ട് വലിച്ചുകെട്ടി പോയ പണിക്കാർ പിന്നീട് ഇതുവഴി വന്നിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വീതി കുറഞ്ഞ റോഡിന്റെ നടുഭാഗം കുഴിച്ചിട്ടിരിക്കുന്നതിനാൽ രണ്ടു വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. ഇവിടെ രാത്രികാലത്ത് അപകടസാധ്യത വർധിച്ചിരിക്കുകയാണ്. ആളൊഴിഞ്ഞ പ്രദേശത്ത് അപകടം നടന്നാൽപോലും പുറംലോകം അറിയില്ല.
കരകുളം കെൽട്രോൺ ജങ്ഷനിൽനിന്നു അലയത്താഴവഴി വിദ്യാധിരാജപുരം, അഴിക്കോട് എന്നിവിടങ്ങളിൽ എത്തുന്നതിനുവേണ്ടി നാട്ടുകാർ ആശ്രയിക്കുന്ന റോഡാണ് അപകടഭീതിയിലായിരിക്കുന്നത്.
കിള്ളിയാറിനോട് ചേർന്നുകിടക്കുന്ന നൂറിലേറെ കുടുംബങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്.
ഒരപകടത്തിന് കാത്തുനിൽക്കാതെ റോഡിലെ കുഴിയടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.