സംരക്ഷണംതേടി ഒരു ചരിത്രസ്മാരകം

ആറ്റിങ്ങൽ : വാമനപുരം ആറ്റിലെ പൂവമ്പാറ കടവിനോടുചേർന്ന് ഒരു കൽമണ്ഡപമുണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ നിർമിതി ഇന്ന് നാശത്തിന്റെ വക്കിലാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോ സർക്കാരോ ഈ ചരിത്രസ്മാരകം സംരക്ഷിക്കാൻവേണ്ടി യാതൊന്നും ചെയ്യുന്നില്ല. ഈ നില തുടർന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ മണ്ഡപം പൊളിഞ്ഞുവീണ് ഒരു കൽക്കൂനയായി മാറിയേക്കാം.

കടവിലേക്കിറങ്ങുന്ന ഭാഗത്ത് വഴിയോരത്തായാണ് കൽമണ്ഡപം നിർമിച്ചിട്ടുള്ളത്. നിലത്ത് കല്ലുകൾ പാകി അടിത്തറ നിർമിച്ച് അതിനുമുകളിൽ 12 കരിങ്കൽത്തൂണുകൾ നിർത്തി മുകളിൽ കരിങ്കൽപ്പാളികൾ പാകിയാണ് മണ്ഡപം നിർമിച്ചിട്ടുള്ളത്. മണ്ഡപത്തിനുള്ളിൽ അല്പം ഉയരത്തിൽ മറ്റൊരു തറ കൂടി നിർമിച്ചിട്ടുണ്ട്. കൽത്തൂണുകളിൽ ഗണപതിശില്പവും ആൾരൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. മേൽക്കൂരയിലും കൊത്തുപണികളും ചിത്രപ്പണികളുമുണ്ട്. ചരിത്ര ഗവേഷകർക്ക് ഏറെ കൗതുകം ഉണർത്തുന്നുവയാണ് ഈ കൽമണ്ഡപത്തിലെ കൊത്തുപണികളും ചിത്രങ്ങളും.

മണ്ഡപത്തിന്റെ മേൽക്കൂരയിലെ കല്ലുകൾ ഇളകിവീണുകൊണ്ടിരിക്കുകയാണ്. മുൻവശത്തെ ഒരു കരിങ്കൽപ്പാളി ഇളകി നിലത്തുവീണു കിടപ്പുണ്ട്. മേൽക്കൂരയുടെ കിഴക്കുഭാഗത്ത് ഒരു കരിങ്കൽക്കഷണം ഇളകിയിരിക്കുകയാണ്. ഏതുനിമിഷവും ഇത് നിലം പതിക്കാവുന്ന നിലയിലാണിപ്പോൾ.

ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവെന്ന് അറിയപ്പെടുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ കാലത്ത് നിർമിച്ചതാണ് ഈ കൽമണ്ഡപമെന്ന് കരുതപ്പെടുന്നു. പൂവമ്പാറയിലുള്ളതുപോലെയുള്ള കൽമണ്ഡപങ്ങൾ ഇടയ്‌ക്കോട് ആനൂപ്പാറയിലും പേരേറ്റിലും ഉണ്ട്. പഴയകാലത്ത് തലച്ചുമടായി സാധനങ്ങൾ കൊണ്ടുപോകുന്നവർക്ക് വിശ്രമിക്കാൻവേണ്ടി നിർമിച്ചവയാണ് ഈ കൽമണ്ഡപങ്ങളെന്ന് കരുതപ്പെടുന്നു. ചുമടുമായി പോകുന്ന മനുഷ്യരുടെ ചിത്രങ്ങൾ പൂവമ്പാറയിലെ കൽമണ്ഡപത്തിൽ കൊത്തിവച്ചിട്ടുണ്ട്. കൽമണ്ഡപത്തിലെ തൂണുകളിൽ എണ്ണയൊഴിച്ച് തിരിയിട്ട് കൊളുത്താൻ പാകത്തിലുള്ള കുഴികളും നിർമിച്ചിട്ടുണ്ട്. ഒരുകാലത്ത് ഇവ സംരക്ഷിക്കാൻ ആളുകളെ ഏർപ്പാടാക്കിയിരുന്നതിന്റെ സൂചനകളാണ് ഈ മണ്ഡപങ്ങളിൽ നിന്നു ലഭിക്കുന്നത്.

വർത്തമാനകാലത്തെ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്താണ് ഈ കൽമണ്ഡപങ്ങൾ നിർമിച്ചിട്ടുള്ളത്. കൂറ്റൻ പാറകളാണ് തൂണുകളായും മേൽക്കൂരയിലെ പാളികളായും മാറിയിട്ടുള്ളത്. ഇവ കൃത്യമായ അളവിൽ കൊത്തിയൊരുക്കി ഇത്തരമൊരു നിർമിതിയാക്കാൻ ആയിരക്കണക്കിന് മനുഷ്യരുടെ മാസങ്ങൾ നീണ്ട പ്രയത്‌നം ഉണ്ടായിട്ടുണ്ടാകും. മേൽക്കൂരയിൽ കയറ്റിവച്ചിട്ടുള്ള കൂറ്റൻ പാറക്കഷണങ്ങൾ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്.

ആറ്റിങ്ങൽ നഗരസഭാപരിധിയിൽ ഉൾപ്പെടുന്നതാണ് ഈ കൽമണ്ഡപം. ഇതിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് മണ്ഡപം സംരക്ഷിത സ്മാരകമാക്കാൻ നടപടിവേണമെന്ന് നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. സമീപത്തെ ചില സ്‌കൂളുകളിൽ നിന്ന് പഠനയാത്രയുടെ ഭാഗമായി കുട്ടികളെ അധ്യാപകർ ഈ ചരിത്രസ്മാരകം കൊണ്ടുവന്നുകാണിക്കാറുണ്ട്. കൃത്യമായ കരുതൽ ഇല്ലെങ്കിൽ ഈ മണ്ഡപം ചരിത്രത്താളുകളിൽ ഒതുങ്ങാൻ ഇനി അധികകാലം വേണ്ടിവരില്ല.