നിർമാണം പാതിവഴിയിൽ നിലച്ചുനീന്തിക്കയറാതെ ആനാട് നീന്തൽക്കുളം

ആനാട് : ഒരു നാടിന്റെ കായികസ്വപ്‌നങ്ങൾ മുന്നിൽക്കണ്ടാണ് ആനാട് പഞ്ചായത്ത് നീന്തൽക്കുളം നിർമിക്കാൻ തുടങ്ങിയത്. ഭൗതികസാഹചര്യങ്ങളെല്ലാം ഉണ്ടായിട്ടും ആവശ്യംവേണ്ട ഫണ്ട് ലഭ്യമായിട്ടും നീന്തൽക്കുളം ഇപ്പോഴും ഊരാക്കുടുക്കിൽ തന്നെ. നാലു പഞ്ചായത്തുകളുടെ നീന്തൽ സ്വപ്നമായ ആനാട്ടെ താഴ്ന്നവേലിക്കോണം നീന്തൽക്കുളത്തിന്റെ നിർമാണമാണ് പാതിവഴിയിൽ നിലച്ചുപോയത്. 2016-ൽ തുടങ്ങിയ പദ്ധതി ഇപ്പോൾ കാടുകയറി നശിക്കുകയാണ്. 50 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലും ദേശീയ നിലവാരത്തിലാണ് നീന്തൽക്കുളം നിർമിക്കാനുദ്ദേശിച്ചത്. സമീപത്തായി കുട്ടികൾക്ക് പരിശീലനം നൽകുന്ന ബേബിപൂളും വസ്ത്രം മാറുന്നതിനാവശ്യമായ മുറികളും നിർമിച്ചിട്ടുണ്ട്.

കുളത്തിലെ വെള്ളം ശുചീകരിക്കുന്നതുൾപ്പെടെയുള്ള ജോലികളാണ് ഇനി ശേഷിക്കുന്നത്. ആനാട് പഞ്ചായത്തിനു കിട്ടിയ സ്വരാജ് ട്രോഫി അവാർഡ് തുകയിൽനിന്ന്‌ അഞ്ചു ലക്ഷം രൂപയും സർക്കാർ ഫണ്ടിൽ നിന്ന്‌ അനുവദിച്ച അഞ്ചു ലക്ഷവും ചേർത്താണ് 2011-ൽ നീന്തൽക്കുളത്തിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കിയത്. നീന്തൽക്കുളത്തിലേക്കു പോകാനുള്ള റോഡ് നിർമാണത്തിന് 10 ലക്ഷം രൂപയും മാറ്റിവെച്ചു. സ്പോർട്സ് കൗൺസിലിലെ സാങ്കേതികവിഭാഗത്തിന്റെ നിർദേശപ്രകാരമാണ് ചിറയുടെ നാലു വശങ്ങളും കോൺക്രീറ്റ് ചെയ്തത്.

തടസ്സമായത് മാസ്റ്റർപ്ലാൻ

: നീന്തൽക്കുളത്തിന് വിദഗ്‌ധസമിതി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ ഇല്ലാതെപോയതാണ് പണി പാതിയിൽ നിലയ്ക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്. ഒന്നാംഘട്ടത്തിൽ കുളത്തിലെ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പൈപ്പിടൽ നടപടി പൂർത്തിയാക്കിയിരുന്നു. കൂടാതെ ശൗചാലയങ്ങൾ നിർമിക്കുന്നതിനും കിണർ നിർമാണത്തിനുള്ള തുകയും വകയിരുത്തി.

ശൗചാലായത്തിന്റെയും കിണറിന്റെയും നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുകയും ചെയ്തു. തുടർന്ന് രണ്ടുഘട്ടങ്ങളിലായി 35 ലക്ഷം രൂപ അനുവദിച്ചെങ്കിലും കരാറെടുത്തയാൾ പണി ഉപേക്ഷിച്ചു. നീന്തൽക്കുളത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയുള്ള ഡ്രസിങ് റൂം നിർമിക്കുന്നതിന് ജില്ലാപ്പഞ്ചായത്ത് 20 ലക്ഷം രൂപകൂടി അനുവദിച്ചെങ്കിലും ടെൻഡർ നടപടികൾ പൂർത്തിയാക്കാനായില്ല.

പിരപ്പൻകോട്, നന്ദിയോട് എന്നീ നീന്തൽക്കുളങ്ങൾപോലെ ഭാവിയിൽ നീന്തൽ രംഗത്ത് പുത്തൻ പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് താഴ്ന്നവേലിക്കോണം നീന്തൽക്കുളത്തിന്റെ നിർമാണം ആരംഭിച്ചത്. ആനാടിന്റെ സ്വപ്നപദ്ധതിയായിരുന്നു ഇത്. എന്നാൽ, കരാറുകാരുടെ അനാസ്ഥയും കോവിഡ് മഹാമാരിയും ഒരുപോലെ നീന്തൽക്കുളത്തിന്റെ നിർമാണത്തിനു തടസ്സമായി.