മത്സ്യത്തൊഴിലാളികളെ ചേർത്തുനിർത്തും - മുഖ്യമന്ത്രി

പൊഴിയൂർ പുലിമുട്ട് നിർമ്മാണം ഉദ്ഘാടനം ചെയ്തു

പാറശ്ശാല : തീരദേശവാസികളെയും മത്സ്യത്തൊഴിലാളികളെയും ചേർത്തുനിർത്തുന്ന സർക്കാരാണിതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പൊഴിയൂർ പുലിമുട്ട് നിർമ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷനേതാവായിരുന്നപ്പോൾ ഇവിടെയെത്തി ദുരവസ്ഥ നേരിൽ കണ്ട്‌ അത് നിയമസഭയിൽ അവതരിപ്പിച്ചെങ്കിലും ദൗർഭാഗ്യവശാൽ പരിഹാരമുണ്ടായില്ല. എന്നാൽ, ഈ സർക്കാർ അധികാരത്തിലേറി തീരുമാനമെടുത്ത് നടപ്പിലാക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുലിമുട്ട് നിർമാണം തീരദേശത്തിന്റെ ദുരിതം നീക്കുമെന്നാണ് വിശ്വാസം. സമയബന്ധിതമായി പ്രശ്‌നങ്ങൾ ഒന്നൊന്നായി പരിഹരിക്കും.

കരമന-കളിയിക്കാവിള പാതയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.

വഴിമുക്ക് മുതൽ അമരവിള വരെയുള്ള റോഡിന്റെ വികസനത്തിനായുള്ള ഡി.പി.ആർ തയ്യാറാക്കുവാൻ ബജറ്റിന് പിന്നാലെ നിർദേശം നൽകിയിട്ടുണ്ട്. അത് പൂർത്തിയായാൽ വഴിമുക്ക് മുതൽ അമരവിള വരെയുള്ള റോഡിന്റെ വികസനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങളെ ഏകോപിച്ചുകൊണ്ട് കേരളത്തെ തുറമുഖനഗരമാക്കി മാറ്റുന്നതാണ് സർക്കാരിന്റെ വലിയ സ്വപ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിയദർശിനി പദ്ധതിവഴി സ്ത്രീകളോടുള്ള ബഹുമാനവും ആദരവുമാണ് സർക്കാർ പ്രകടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊഴിയൂർ യു.പി.എസ്സിൽ സംഘടിപ്പിച്ച പുലിമുട്ട് നിർമ്മാണ ഉദ്ഘാടനസമ്മേളനത്തിൽ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് പങ്കെടുത്തത്.

ജലവിഭവവകുപ്പ് മന്ത്രി മോൻസ് ജോസഫ് അധ്യക്ഷനായി. കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, മര്യാപുരം ശ്രീകുമാർ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി, ജില്ലാപഞ്ചായത്ത് അംഗം ഫ്രീഡ സൈമൺ, സി.ആർ. പ്രാണകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

എ.വി.എം. കനാൽ നവീകരിക്കും -മന്ത്രി മോൻസ് ജോസഫ്

പാറശ്ശാല : പൊഴിയൂരിൽ വലിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായി മാറിയിട്ടുള്ള എ.വി.എം. കനാൽ നവീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പ്രഖ്യാപിച്ചു.

പൊഴിയൂരിൽ നടന്ന പുലിമുട്ട് നിർമ്മാണോദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തവെയാണ് അദ്ദേഹം എ.വി.എം. കനാൽ നവീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.